കൊച്ചി: നടന്‍ വിനോദ് കോവൂര്‍ തലനാരിഴയ്‌ക്ക് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഫ്‌ലാറ്റിന്റെ താഴത്തെ നിലയിലെ കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കിലേക്ക് അപ്രതീക്ഷിതമായി വീണാണ് താരത്തിന് പരിക്കേറ്റത്. അപകട വിവരം സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് പങ്കുവെച്ചത്. ‘മറിമായം’ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി രാത്രി ഫ്‌ലാറ്റിലെത്തിയ വിനോദ് കോവൂര്‍ മാലിന്യം നിക്ഷേപിക്കാനായി കാര്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് പോയപ്പോഴായിരുന്നു സംഭവം.
സമീപത്തെ ബക്കറ്റ് കഴുകുന്നതിനിടെ പൂര്‍ണമായി അടച്ചിട്ടില്ലാത്ത വാട്ടര്‍ ടാങ്കിലേക്ക് അറിയാതെ വീഴുകയായിരുന്നു. വീഴ്ചയ്‌ക്കിടെ ടാങ്കിന്റെ വശത്ത് പിടിക്കാന്‍ കഴിഞ്ഞതിനാല്‍ വെള്ളത്തില്‍ മുങ്ങിപ്പോകാതെ രക്ഷപ്പെട്ടെങ്കിലും ശരീരം ടാങ്കിന്റെ കോണ്‍ക്രീറ്റ് വക്കില്‍ ശക്തമായി ഇടിച്ചതോടെ ഗുരുതരമായ വേദന അനുഭവപ്പെട്ടു. പലതവണ ശ്രമിച്ചിട്ടും ഉടന്‍ പുറത്തുകടക്കാനായില്ല. ഒടുവില്‍ ഏറെ പ്രയത്നിച്ചാണ് താരം ടാങ്കില്‍ നിന്ന് പുറത്തേക്ക് കയറിയത്.
സംഭവത്തിന് പിന്നാലെ ശ്വാസംമുട്ടലും വാരിയെല്ലിന്റെ ഭാഗത്ത് കടുത്ത വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്സ്-റേ പരിശോധനയില്‍ എല്ലുകള്‍ക്ക് പൊട്ടലില്ലെന്ന് കണ്ടെത്തിയെങ്കിലും വാരിയെല്ലിന് ഗുരുതരമായ ചതവേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നട്ടെല്ലിനോ തലയ്‌ക്കോ പരിക്കേല്‍ക്കാതിരുന്നത് വലിയ ഭാഗ്യമാണെന്നും മെഡിക്കല്‍ സംഘം വിലയിരുത്തി.
നിലവില്‍ വീട്ടില്‍ വിശ്രമത്തിലായിരിക്കുന്ന വിനോദ് കോവൂര്‍, പരുക്കിനെ തുടര്‍ന്ന് വരാനിരിക്കുന്ന ‘മറിമായം’ എപ്പിസോഡുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തതിലുള്ള നിരാശയും പങ്കുവെച്ചു. 48 മണിക്കൂറിന് ശേഷവും വേദന കുറയുന്നില്ലെങ്കില്‍ സി.ടി. സ്‌കാന്‍ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായും താരം ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.















