കൊച്ചി: എറണാകുളത്തിന്റെ റെയില്‍വേ വികസനത്തിന് വന്‍ കുതിപ്പാകുന്ന പുതിയ കോച്ചിങ് ടെര്‍മിനല്‍ പദ്ധതിക്ക് നിര്‍ണായക മുന്നേറ്റം. പൊന്നുരുന്നി മാര്‍ഷലിങ് യാര്‍ഡില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ടെര്‍മിനലിനായുള്ള വിശദപദ്ധതി രേഖ (ഡി.പി.ആര്‍.) റെയില്‍വേ അധികൃതര്‍ സമര്‍പ്പിച്ചു. ഏകദേശം 267 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചാല്‍ മൂന്ന് വര്‍ഷത്തിനകം യാഥാര്‍ഥ്യമാകും. പുതിയ പദ്ധതിപ്രകാരം ആറ് പ്ലാറ്റ്ഫോമുകളാണ് ടെര്‍മിനലില്‍ ഒരുക്കുന്നത്.
നേരത്തെ നാല് പ്ലാറ്റ്ഫോമുകള്‍ മാത്രമായിരുന്നു നിര്‍ദേശിച്ചിരുന്നതെങ്കിലും ഭാവിയിലെ യാത്രാ ആവശ്യങ്ങള്‍ കണക്കിലെടുത്ത് എണ്ണം വര്‍ധിപ്പിക്കുകയായിരുന്നു. ട്രെയിനുകള്‍ യാത്ര കഴിഞ്ഞ് നിര്‍ത്തിയിടാന്‍ മൂന്ന് സ്റ്റേബിളിങ് ലൈനുകളും, കോച്ചുകളുടെ പരിശോധനയ്‌ക്കും ശുചീകരണത്തിനുമായി മൂന്ന് പിറ്റ് ലൈനുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം വന്ദേ ഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണികള്‍ക്കായാണ് സജ്ജമാക്കുന്നത്. നിലവില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ആറ് പ്ലാറ്റ്ഫോമുകളും നോര്‍ത്തില്‍ രണ്ട് പ്ലാറ്റ്ഫോമുകളുമാണ് ഉള്ളത്.
ഇവിടങ്ങളിലെ തിരക്ക് കുറയ്‌ക്കാനും കൂടുതല്‍ ട്രെയിനുകള്‍ക്ക് സര്‍വീസ് ആരംഭിക്കാനുമാണ് പുതിയ ടെര്‍മിനല്‍ ലക്ഷ്യമിടുന്നത്. പൊന്നുരുന്നി മേഖലയില്‍ റെയില്‍വേയുടെ കൈവശമുള്ള ഏകദേശം 110 ഏക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുക. ഇപ്പോള്‍ കോച്ചുകളുടെ അറ്റകുറ്റപ്പണികളും ചരക്കുവണ്ടികളുടെ പരിശോധനയും നടക്കുന്ന ഈ പ്രദേശത്ത് ഭാവിയില്‍ ആവശ്യാനുസരണം 15 പ്ലാറ്റ്ഫോമുകള്‍ വരെ വികസിപ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
മെട്രോ, വാട്ടര്‍ മെട്രോ, വൈറ്റില മൊബിലിറ്റി ഹബ് എന്നിവയുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടെ എറണാകുളത്ത് സമഗ്രമായ ഒരു ആധുനിക ഗതാഗത ഹബ് യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ.















