തിരുവനന്തപുരം: മുൻമുഖ്യമന്ത്രി പിണറായി വിജയൻ ശിക്ഷിക്കപ്പെടും വരെ പിന്നോട്ടില്ലെന്ന് സിഎംആർഎൽ – എക്സാലോജിക് കേസിലെ പരാതിക്കാരനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ഷോൺ ജോർജ് വ്യക്തമാക്കി. കേസിൽ യഥാർത്ഥ പ്രതി പിണറായി വിജയനാണ്. വീണയിലൂടെ കേസ് അവസാനിക്കാൻ അല്ല പരാതി നൽകിയത്. വീണ വിജയൻ ഇഡിയെ ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പിണറായിക്കുള്ള കൈക്കൂലി ആയാണ് വീണയുടെ കമ്പനി പണം കൈപ്പറ്റിയത്. ഏജൻസികളുടെ അന്വേഷണം ചെന്നെത്തേണ്ടത് പിണറായിയിലേക്കാണ്. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പ്രതിസ്ഥാനത്തേക്ക് എത്തണം. പിണറായി വിജയന്റെ വിദേശ ബാങ്ക് അക്കൗണ്ടുകളെ സംബന്ധിച്ചും അന്വേഷണം വേണം. പിണറായിയുടെയും രണ്ടു മക്കളുടെയും ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കണം. കേരളത്തിന്റെ തീരദേശത്തെ കൊള്ള ചെയ്യാൻ ഒത്താശ ചെയ്തവർക്ക് നേരെയും അന്വേഷണം എത്തണമെന്നും ഷോൺ ജോർജ് പറഞ്ഞു.
പണം എന്തിനു കൈപ്പറ്റി എന്ന ചോദ്യത്തിന് പിണറായി വിജയനു വേണ്ടി എന്നുമാത്രമേ വീണയ്‌ക്ക് ഒറ്റ ഉത്തരമുണ്ടാകൂ. മുഖ്യമന്ത്രി വി ഡി സതീശന് ആത്മാർത്ഥതയുണ്ടെങ്കിൽ വീണക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.















