തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കടുത്ത നടപടികളുമായി ആരോഗ്യവകുപ്പ്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് തുടർച്ചയായ മൂന്ന് ദിവസം ‘ഡ്രൈ ഡേ’ ആചരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. പുതിയ തീരുമാനപ്രകാരം വരും ദിവസങ്ങളിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ശുചീകരണ യജ്ഞം ഇങ്ങനെ:
വെള്ളിയാഴ്ച: സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ശുചീകരണം നടത്തും.
ശനിയാഴ്ച: എല്ലാ സർക്കാർ, സ്വകാര്യ ഓഫീസുകളിലും ഡ്രൈ ഡേ ആചരിക്കും.
ഞായറാഴ്ച: വീടുകളും പരിസരങ്ങളും ശുചീകരിക്കും.
ആരോഗ്യമന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും ജില്ലാ കളക്ടർമാരുടെയും അടിയന്തര അവലോകന യോഗത്തിലാണ് ഈ തീരുമാനം. സംസ്ഥാനത്ത് ഇത്തവണ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു എന്ന ആക്ഷേപം ശക്തമായിരുന്നു. ഈ പോരായ്മകൾ പരിഹരിക്കാനും രോഗവ്യാപനം അടിയന്തരമായി നിയന്ത്രിക്കാനുമാണ് സർക്കാർ ഇപ്പോൾ ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ആരോഗ്യരംഗം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇന്നലെ മാത്രം എട്ടുപേർക്കാണ് ഗുരുതരമായ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും ദിനംപ്രതി ഉയരുകയാണ്. നിലവിൽ പ്രതിദിനം പതിനായിരത്തിലധികം ആളുകളാണ് പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നത്. വരും ദിവസങ്ങളിൽ മഴ കനക്കുന്നതോടെ എലിപ്പനി, ഡെങ്കിപ്പനി കേസുകൾ ഇനിയും കുതിച്ചുയർന്നേക്കാമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.















