ബെംഗളൂരു: കർണ്ണാടകയിൽ ദേശീയ കായികതാരം കുഴഞ്ഞു വീണു മരിച്ചു. കെ.ടി ജംബന്ന നഗർ സ്വദേശി സുശീൽ കുമാർ (26) ആണ് മരിച്ചത്. പതിവ് പരിശീലനം പൂർത്തിയാക്കി ജിമ്മിൽ നിന്ന് വീട്ടിലെത്തിയതിന് പിന്നാലെയാണ് യുവാവ് കുഴഞ്ഞുവീണത്.
ജിമ്മിൽ നിന്നും വീട്ടിലെത്തിയ യുവാവ് കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കുഴഞ്ഞുവീണ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിരവധി ദേശീയ മത്സരങ്ങളിൽ കർണാടകയെ പ്രതിനിധീകരിച്ച് സുശീൽ കുമാർ പങ്കെടുത്തിട്ടുണ്ട്. മികച്ച പ്രകടനങ്ങളിലൂടെ കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു യുവാവ്. ഇതിനിടെയായിരുന്നു അപ്രതീക്ഷിത വിയോഗം.