കൊളംബോ: അയൽരാജ്യമായ ശ്രീലങ്കയിൽ വീണ്ടും വൻ രാഷ്‌ട്രീയ അട്ടിമറികളും നാടകീയ നീക്കങ്ങളും. മുൻ ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ മകൻ യോഷിത രാജപക്‌സെ അഴിമതിക്കേസിൽ അറസ്റ്റിലായി. രാജപക്‌സെ കുടുംബത്തിന്റെ രാഷ്‌ട്രീയ ഭാവിക്ക് കടുത്ത പ്രഹരമേൽപ്പിച്ചുകൊണ്ട്, സമാനതകളില്ലാത്ത നാടകീയ രംഗങ്ങൾക്കൊടുവിലാണ് മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കൂടിയായ യോഷിതയെ അന്വേഷണ കമ്മീഷൻ അറസ്റ്റ് ചെയ്തത്.
അഴിമതി ആരോപണങ്ങളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കമ്മീഷൻ യോഷിതയ്‌ക്ക് സമൻസ് അയച്ചിരുന്നു. ഇതനുസരിച്ച് അന്വേഷണ സംഘത്തിന് മുന്നിൽ നേരിട്ട് ഹാജരായ അദ്ദേഹത്തെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മഹിന്ദ രാജപക്‌സെയുടെ മൂന്ന് മക്കളിൽ രണ്ടാമനാണ് യോഷിത രാജപക്‌സെ. മുൻപ് ശ്രീലങ്കൻ നാവികസേനയിൽ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. മതിയായ യോഗ്യതകളില്ലാതെ നാവികസേനയുടെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ നിയമനം നേടിയെന്നാണ് യോഷിതയ്‌ക്കെതിരെയുള്ള പ്രധാന ആരോപണം.
സാധാരണ റിക്രൂട്ട്‌മെന്റ് ചട്ടങ്ങളും പരിശീലന നടപടിക്രമങ്ങളും പൂർണ്ണമായി കാറ്റിൽപ്പറത്തി, സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്ത് ബ്രിട്ടനിലെ റോയൽ നേവൽ കോളേജിൽ ഇയാൾക്ക് പരിശീലനത്തിന് അവസരമൊരുക്കിയെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.
ഇതാദ്യമായല്ല യോഷിത രാജപക്‌സെ നിയമക്കുരുക്കിൽപ്പെടുന്നത്. മുൻപ് 2025-ൽ തന്റെ മുതുമുത്തശ്ശിയുടെ പേരിൽ നിയമവിരുദ്ധമായി സ്വത്തുക്കൾ വാങ്ങിക്കൂട്ടിയ കേസിൽ ഇയാൾ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, കള്ളപ്പണ ഇടപാടുകൾ തുടങ്ങിയ അതീവ ഗുരുതരമായ നിരവധി കേസുകൾ നിലവിൽ കോടതിയുടെ പരിഗണനയിലാണ്.
ലങ്കയെ പിടിച്ചുലച്ച ഈസ്റ്റർ ബോംബാക്രമണക്കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ കോടതിയെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് രാജപക്‌സെ കുടുംബത്തിലെ മറ്റൊരു പ്രമുഖൻ കൂടി അഴിമതിക്കേസിൽ കുടുങ്ങുന്നത്. ഈ അറസ്റ്റ് ശ്രീലങ്കൻ രാഷ്‌ട്രീയത്തിൽ പുതിയൊരു അധികാരപ്പോരാട്ടത്തിനും ഭരണപ്രതിസന്ധിക്കും തിരികൊളുത്തിയിരിക്കുകയാണ്.
ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യോഷിത രാജപക്സെയെ ജാമ്യത്തിൽ വിട്ടെങ്കിലും വിദേശ യാത്രാ വിലക്ക് ഏർപ്പെടുത്തി.















