കോട്ടയം: റബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിച്ച യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ റബര്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് റബര്‍ ബോര്‍ഡ് നിയുക്ത ചെയര്‍മാന്‍ എന്‍. ഹരി. നിലവില്‍ രാജ്യാന്തര വിപണിയില്‍ റബറിന്റെ വില 300 രൂപയിലേക്കും സംസ്ഥാനത്തെ വിപണികളില്‍ 270 രൂപയോളവും എത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപനം കര്‍ഷകര്‍ക്ക് യാതൊരു പ്രായോഗിക ഗുണവും നല്‍കില്ലെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
വിപണി വിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസം മാത്രമാണ് ഉത്തേജക പാക്കേജായി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ലഭിക്കുക. അതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത പോലും ഉണ്ടാകില്ലെന്നും എന്‍. ഹരി ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമുള്ള നയങ്ങളും നടപടികളുമാണ് റബര്‍ വില ഉയരാന്‍ കാരണമായതെന്നും മാര്‍ച്ചില്‍ 230 രൂപയിലുണ്ടായിരുന്ന വില 300 രൂപയിലേക്ക് ഉയര്‍ന്നത് അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 30-ന് കോട്ടയത്ത് നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ റബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കുമെന്ന് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നുവെന്നും, എന്നാല്‍ നിലവിലെ വിപണി സാഹചര്യങ്ങള്‍ പരിഗണിക്കാതെ എടുത്ത തീരുമാനം കര്‍ഷകരുടെ യഥാര്‍ഥ താല്‍പര്യങ്ങളെ അവഗണിക്കുന്നതാണെന്നും എന്‍. ഹരി ആരോപിച്ചു. കര്‍ഷകരെ ഇനിയും വഞ്ചിക്കുന്ന സമീപനം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















