ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ജി മത്സരത്തിനായി ബെല്‍ജിയത്തിനെതിരെ ലോസ് ആഞ്ചലസിലേക്ക് രണ്ട് ദിവസം മുന്‍പ് യാത്ര ചെയ്യാനുള്ള അനുമതി അമേരിക്കന്‍ അധികൃതര്‍ നിഷേധിച്ചെന്ന് ആരോപിച്ച് ഫിഫയ്‌ക്ക് ഔദ്യോഗിക പരാതി നല്‍കാനൊരുങ്ങി ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍.
ടീമിന്റെ മുന്‍കൂര്‍ യാത്രാ അഭ്യര്‍ഥന അംഗീകരിച്ചില്ലെന്നും, വിഷയത്തില്‍ ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ ഫിഫയെ സമീപിക്കുമെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. നിലവില്‍ മെക്‌സിക്കോയിലെ ടിജുവാനയിലാണ് ഇറാന്‍ ടീം ക്യാംപ് ചെയ്യുന്നത്. അവിടെ നിന്നാണ് ലോസ് ആഞ്ചലസിലെയും സിയാറ്റിലിലെയും ഗ്രൂപ്പ് മത്സരങ്ങള്‍ക്കായി യാത്ര ചെയ്യുന്നത്.
ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ 2-2 സമനില നേടിയതോടെയാണ് ഇറാന്‍ ടൂര്‍ണമെന്റ് ആരംഭിച്ചത്. റാമിന്‍ റെസായിയാനും മുഹമ്മദ് മൊഹെബ്ബിയും ഇറാന്റെ ഗോളുകള്‍ നേടി. ബെല്‍ജിയവും ഈജിപ്തും തമ്മിലുള്ള ആദ്യ മത്സരം 1-1 സമനിലയില്‍ അവസാനിച്ചതോടെ ഗ്രൂപ്പ് ജിയിലെ നാല് ടീമുകള്‍ക്കും ഓരോ പോയിന്റ് വീതമാണുള്ളത്.
അമേരിക്കയും ഇസ്രായേലും ഉള്‍പ്പെട്ട ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിസയും യാത്രാനുമതിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് ഇറാന്‍ ടീം മുന്‍പ് ആസ്ഥാന ക്യാംപ് അരിസോണയില്‍ നിന്ന് ടിജുവാനയിലേക്ക് മാറ്റിയത്. ഇപ്പോഴത്തെ യാത്രാനുമതി വിവാദം ലോകകപ്പ് വേദിയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.















