ആലപ്പുഴ: സംസ്ഥാനത്ത് നിർത്തിവെച്ച ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം രണ്ടോ മൂന്നോ ദിവസത്തിനകം പുനരാരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി എം. ലിജു. ഉൽപ്പാദനം നിലച്ചത് മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും, ഇതിന് പിന്നിൽ LDF സർക്കാർ സൃഷ്ടിച്ച ഭരണപരമായ വീഴ്ചകളാണെന്നും മന്ത്രി ആരോപിച്ചു.
ജവാൻ ഉൽപ്പാദനം നിർത്തിവെക്കപ്പെട്ട സാഹചര്യത്തിൽ മറ്റ് സ്വകാര്യ കമ്പനികൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടുന്നുവെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്ലാന്റിലെ പ്രതിസന്ധി മന്ത്രിയെ സമയബന്ധിതമായി അറിയിക്കാത്തതിൽ നികുതി സെക്രട്ടറിയെ അന്വേഷണ ചുമതല ഏൽപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഉൽപ്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിയാൻ കഴിഞ്ഞതെന്ന് മന്ത്രി ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരിൽ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. ട്രാവൻകൂർ ഷുഗേഴ്സ് പ്രതിസന്ധി സംബന്ധിച്ച് കത്ത് നൽകിയതായി വാദിച്ചപ്പോൾ, വിവരം ലഭിച്ചിട്ടില്ലെന്ന നിലപാടാണ് ബെവ്കോ അധികൃതർ സ്വീകരിച്ചത്.
കുപ്പി, അടപ്പ് എന്നിവയുടെ വില വർധനയും ടെൻഡർ നടപടികളിലെ കാലതാമസവും ഉൽപ്പാദനത്തെ ബാധിച്ചതായി വിലയിരുത്തപ്പെടുന്നു. ടെൻഡർ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് പ്രധാന പ്രതിസന്ധിയെന്ന് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, സംസ്ഥാനത്തെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി “മയങ്ങില്ല കേരളം” എന്ന പേരിൽ പുതിയ സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു. ഓപ്പറേഷൻ തണ്ടറിന് പിന്നാലെ ദീർഘകാല ലക്ഷ്യത്തോടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് തീരുമാനം















