കാരക്കാസ് : വെനിസ്വേലയിൽ ബുധനാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ ഭൂകമ്പങ്ങളിൽ 164 പേർ മരിക്കുകയും 971 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. ഒരു നൂറ്റാണ്ടിനുള്ളിൽ രാജ്യത്തെ ബാധിച്ച ഏറ്റവും ശക്തമായ ഭൂചലനങ്ങളിൽ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെ നിരവധി നഗരങ്ങൾ കുലുങ്ങി. കാരക്കാസിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ വടക്കുള്ള പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ തകർന്നുവീണത്. ലാ ഗ്വൈറയെ സർക്കാർ “ദുരന്തമേഖല”യായി പ്രഖ്യാപിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ വ്യാപക രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു.
ആദ്യ ഭൂചലനത്തിന് തുടർച്ചയായി ഉണ്ടായ രണ്ടാമത്തെ ശക്തമായ ചലനമാണ് വ്യാപക തകർച്ചയ്‌ക്ക് കാരണമായത്. പല കെട്ടിടങ്ങളും തുടർച്ചയായ ആഘാതത്തിൽ നിലംപൊത്തി. ചില പ്രദേശങ്ങളിൽ വൈദ്യുതി, മൊബൈൽ നെറ്റ്‌വർക്ക്, ഗ്യാസ് സേവനങ്ങൾ പൂർണ്ണമായും നിലച്ചു.
രാജ്യത്തെ പ്രധാന വിമാനത്താവളമായ സൈമൺ ബൊളിവർ അന്താരാഷ്‌ട്ര വിമാനത്താവളം ഉൾപ്പെടെ നിരവധി അടിസ്ഥാന സൗകര്യങ്ങൾ തകരാറിലായതായി അധികൃതർ അറിയിച്ചു. സബ്‌വേ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. ആശുപത്രികളിൽ അടിയന്തര വാർഡുകൾ നിറഞ്ഞ നിലയിലാണ് റിപ്പോർട്ടുകൾ.
ഭൂകമ്പം നടന്ന ഉടൻ തന്നെ ആളുകൾ വീടുകളും കെട്ടിടങ്ങളും വിട്ട് തെരുവുകളിലേക്ക് ഒഴുകി. മണിക്കൂറുകളോളം ആളുകൾ തുറന്ന സ്ഥലങ്ങളിൽ തുടരേണ്ടിവന്നു. തുടർചലന ഭീതിയെ തുടർന്ന് പലരും രാത്രിയും പുറത്തുതന്നെ തങ്ങി.
അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് കുട്ടികളെ ജീവനോടെ രക്ഷപ്പെടുത്തിയ സംഭവം വലിയ ആശ്വാസമായി മാറിയെങ്കിലും നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് രക്ഷാസേന അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി ഭാരമേറിയ യന്ത്രസാമഗ്രികൾ എത്തിക്കണമെന്ന് സർക്കാർ സ്വകാര്യ മേഖലയോട് അഭ്യർത്ഥിച്ചു.
സർക്കാർ 200 മില്യൺ ഡോളറിന്റെ അടിയന്തര പുനർനിർമ്മാണ ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തിക, ധനകാര്യ മന്ത്രാലയങ്ങൾ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. അന്താരാഷ്‌ട്ര സഹായത്തിനായി യുഎസ്, ബ്രസീൽ, മെക്സിക്കോ, അർജന്റീന ഉൾപ്പെടെ നിരവധി രാജ്യങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്.
അയൽരാജ്യങ്ങളായ ബ്രസീൽ കൊളംബിയ, ഇക്വഡോർ തുടങ്ങിയ പ്രദേശങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ചില തീരദേശ മേഖലകളിൽ ഒഴിപ്പിക്കൽ നടപടികൾ നടന്നു. യു.എസ്. പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം താൽക്കാലിക മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിരുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സർക്കാർ ജനങ്ങളോട് ജാഗ്രത പാലിക്കാനും തുടർചലന സാധ്യതയെ തുടർന്ന് തുറന്ന സ്ഥലങ്ങളിൽ തുടരാനും നിർദേശിച്ചു. രക്ഷാപ്രവർത്തനങ്ങൾ അടുത്ത മണിക്കൂറുകളിൽ കൂടുതൽ വേഗത്തിലാക്കുമെന്ന് അധികൃതർ അറിയിച്ചു.













