തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപകമായി പടർന്നുപിടിച്ച ശേഷമാണ് ആരോഗ്യവകുപ്പിന്റെ ചുമതല ഏറ്റെടുത്തതെന്നും, പ്രതിരോധ പ്രവർത്തനങ്ങൾ ഫെബ്രുവരിയോടെ തന്നെ ആരംഭിക്കേണ്ടതായിരുന്നുവെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. നിലവിലെ ആരോഗ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മന്ത്രിയുടെ ഈ പ്രസ്താവന തന്നെ സർക്കാരിന്റെ മുൻകരുതൽ വീഴ്ചയെ വീണ്ടും ചർച്ചയാക്കി.
“എല്ലാ കാര്യങ്ങൾക്കും മറുപടി പറയേണ്ടതില്ല” എന്ന നിലപാടും മന്ത്രി പ്രകടിപ്പിച്ചു. ആരോഗ്യവകുപ്പിൽ 57,000-ത്തിലധികം ജീവനക്കാരുണ്ടെന്നും, അവരിൽ ഓരോരുത്തരുടെയും ചോദ്യങ്ങൾക്കും പരാതികൾക്കും മറുപടി നൽകുന്നത് ആരോഗ്യമന്ത്രിയുടെ ജോലിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട് ഡോ. കെ.ജെ. റീന നടത്തുന്ന നിയമപോരാട്ടത്തെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധം വിലയിരുത്തിയ ഹൈപവർ കമ്മിറ്റി റിപ്പോർട്ടിൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളുമായി ഏകോപനം ഉറപ്പാക്കി രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, പ്രതിസന്ധിയുടെ ഘട്ടത്തിൽ ഉത്തരവാദിത്വത്തിൽ നിന്ന് മന്ത്രി ഒഴിഞ്ഞുമാറുന്ന തരത്തിലുള്ള നിലപാടാണ് പ്രസ്താവനകളിൽ നിന്ന് വ്യക്തമാകുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ പ്രവർത്തനത്തിലെ വീഴ്ചകൾ മറികടക്കാതെ രാഷ്‌ട്രീയ വിശദീകരണങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു














