തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ഡ്രൈ ഡേ ആചരിക്കുന്നു. ഇതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ (BEVCO) ഔട്ട്‌ലെറ്റുകളും ബാറുകളും ഇന്ന് പ്രവർത്തിക്കില്ല. ഇതുസംബന്ധിച്ച് എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തിനെതിരെയും അനധികൃത കടത്തിനെതിരെയും പൊതുജനങ്ങളിൽ ബോധവൽക്കരണം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എല്ലാ വർഷവും ജൂൺ 26-നാണ് International Day Against Drug Abuse and Illicit Trafficking ആചരിക്കുന്നത്.
1987 ഡിസംബറിൽ ചേർന്ന യുണൈറ്റഡ് നേഷൻസ് പൊതുഅസംബ്ലിയാണ് ഈ ദിനാചരണം പ്രഖ്യാപിച്ചത്. ലഹരിവസ്തുക്കളുടെ ദുഷ്പ്രഭാവത്തെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുകയാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.
ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എക്‌സൈസ് വകുപ്പ്, സാമൂഹികനീതി വകുപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ വിപുലമായ ബോധവൽക്കരണ പരിപാടികളും ലഹരി വിരുദ്ധ പ്രതിജ്ഞകളും സംഘടിപ്പിക്കും.














