കോഴിക്കോട്: താമരശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. ഇന്നലെ രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോയ ഇരുവരെയും പിന്നീട് കണ്ടെത്താനാകാതായതോടെ ബന്ധുക്കൾ താമരശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.
സ്കൂളിലെത്തിയ ശേഷം ഇരുവരും യൂണിഫോം മാറി സാധാരണ വസ്ത്രം ധരിച്ചാണ് പുറത്തുപോയതെന്നാണ് പോലീസിന് ലഭിച്ച വിവരം. സ്കൂൾ പരിസരത്തെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
പ്രാഥമിക അന്വേഷണത്തിൽ വിദ്യാർത്ഥികൾ വയനാട് വഴി കർണാടകയിലേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് സംശയം.. കാണാതായ ആൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന ഏകദേശം 18,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ താമരശ്ശേരിയിലെ ഒരു മൊബൈൽ കടയിൽ 10,000 രൂപയ്‌ക്ക് വിറ്റതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കടയുടമയുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും മൊഴി രേഖപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണ്.
താമരശ്ശേരി പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, സംസ്ഥാന അതിർത്തികൾ എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ താമരശ്ശേരി പോലീസുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർഥിച്ചു.















