കൊല്ലം: കുണ്ടറയിൽ ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഒളിവിലായിരുന്ന പ്രതിയെ തമിഴ്നാട്ടിൽ നിന്ന് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയുടെ മരുമകനായ ഷാൻ(39) ആണ് പോലീസിന്റെ പിടിയിലായത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ അന്വേഷണത്തിനൊടുവിലാണ് പോലീസ് കണ്ടെത്തിയത്.
മരുമകൻ തന്നെ വീട്ടിൽ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചതിന് പുറമെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിനും ഇരയാക്കിയെന്നാണ് വീട്ടമ്മയുടെ പരാതിയിൽ പറയുന്നത്. വീട്ടുമുറ്റത്ത് ഗർഭനിരോധന ഉറ കണ്ടെത്തിയതിനെ തുടർന്ന് പരാതിക്കാരി ഈ വിവരം സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മകളെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ മകളും പ്രതിയും തമ്മിൽ വഴക്കായി. ഇതിന്‍റെ പേരിലാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പരാതി.
ഏറെക്കാലമായി ഭാര്യ വിദേശത്തായിരുന്നതിനാൽ അമ്മായിയമ്മയ്‌ക്കും മക്കൾക്കുമൊപ്പമായിരുന്നു ഷാൻ താമസിച്ചിരുന്നതെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കുണ്ടറയിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി. പരാതിയുമായി ബന്ധപ്പെട്ട മറ്റ് സാഹചര്യങ്ങളും തെളിവുകളും വിശദമായി പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.















