തിരുവനന്തപുരം: ആറ്റുകാലിൽ വാടകവീട്ടിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വർക്കല വടശ്ശേരിക്കോണം സ്വദേശി ആരതി (27) യാണ് മരിച്ചത്. ഭർത്താവിന്റെ നിരന്തരമായ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ആറ്റുകാലിലെ വാടകവീട്ടിൽ ആരതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭരതന്നൂർ സ്വദേശി അതുലുമായി എട്ട് മാസം മുൻപായിരുന്നു വിവാഹം. വിവാഹശേഷം ഏഴ് മാസമായി ഇരുവരും ആറ്റുകാലിലെ വാടകവീട്ടിലായിരുന്നു താമസം.
വിവാഹശേഷം ആരതി നിരന്തരം ഗാർഹിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ശരീരത്തിൽ മർദനമേറ്റ പാടുകളുടെ ചിത്രങ്ങളും വീഡിയോകളും ആരതി തന്റെ അമ്മയ്‌ക്ക് അയച്ചുനൽകിയിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തി.
വിവാഹസമയത്ത് നൽകിയ 50 പവന്റെ സ്വർണാഭരണങ്ങൾ അതുൽ വിവിധ ആവശ്യങ്ങൾക്കായി നഷ്ടപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചു. ശാരീരികമായും മാനസികമായും പീഡനം നേരിട്ടിരുന്നെങ്കിലും ആരതി ഇക്കാര്യങ്ങൾ പൂർണമായി വീട്ടുകാരോട് തുറന്നു പറഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
“നാണക്കേട് ഭയന്നാകാം അവൾ അനുഭവിച്ച പീഡനങ്ങൾ പലതും മറച്ചുവെച്ചത്. ആരോടെങ്കിലും തുറന്ന് സംസാരിച്ചിരുന്നെങ്കിൽ ഇന്ന് ഈ ദുരന്തം സംഭവിക്കുമായിരുന്നില്ല,” എന്ന് ആരതിയുടെ അമ്മാവൻ വിൻസർ പ്രതികരിച്ചു.
ആറ്റുകാൽ വാടകവീട്ടിൽ തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭർത്താവ് അതുലിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഗാർഹിക പീഡനമുൾപ്പെടെയുള്ള ആരോപണങ്ങൾ പരിശോധിച്ച് തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.















