ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ വോളിബോള്‍ ടീം; എവിസി മെന്‍സ് കപ്പില്‍ ആദ്യമായി മെഡല്‍; പരാജയപ്പെടുത്തിയത് നിലവിലെ ചാമ്പ്യന്‍മാരായ ബഹ്‌റൈനിനെ

Published by
ജനം വെബ്‌ഡെസ്ക്

അഹമ്മദാബാദ്‌: എവിസി മെന്‍സ് കപ്പില്‍ ഇന്ത്യന്‍ പുരുഷ വോളിബോള്‍ ടീമിന് ചരിത്രനേട്ടം. നിലവിലെ ചാമ്പ്യന്‍മാരായ ബഹ്‌റൈനിനെ 3-1ന് തോല്‍പ്പിച്ച് ഇന്ത്യ ആദ്യമായി ടൂര്‍ണമെന്റില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി. അഹമ്മദാബാദില്‍ നടന്ന മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബഹ്‌റൈനിനെ 3-1ന് (25-23, 23-25, 25-21, 25-17) തോല്‍പ്പിച്ചാണ് ഇന്ത്യ ടൂര്‍ണമെന്റിലെ ആദ്യ മെഡല്‍ സ്വന്തമാക്കിയത്.

ടൂര്‍ണമെന്റില്‍ സെമിഫൈനലില്‍ ഇന്തോനേഷ്യയോട് പൊരുതി തോറ്റ നിരാശയില്‍ നിന്നാണ് ഇന്ത്യന്‍ ടീം ശക്തമായി തിരിച്ചുവന്നത്. വെങ്കല മെഡല്‍ നേട്ടത്തോടെ എവിസി മെന്‍സ് കപ്പില്‍ ആദ്യമായി ഇന്ത്യ പോഡിയത്തില്‍ ഇടംപിടിക്കുകയും ചെയ്തു. സെമിഫൈനലില്‍ ഏഷ്യന്‍ വോളിബോളിലെ ശക്തരായ ഇന്തോനേഷ്യയ്‌ക്കെതിരെ ഇന്ത്യ അവസാന നിമിഷംവരെ പൊരുതി. 2-3ന് (25-15, 24-26, 20-25, 25-19, 13-15) തോറ്റെങ്കിലും ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടവീര്യം ശ്രദ്ധേയമായി.

എന്നാല്‍ സെമിഫൈനല്‍ തോല്‍വിയുടെ നിരാശ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യയെ ബാധിച്ചില്ല. നിലവിലെ ചാമ്പ്യന്‍മാരായ ബഹ്‌റൈനിനെതിരെ എല്ലാ മേഖലകളിലും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ടീം 3-1ന് വിജയം സ്വന്തമാക്കി ചരിത്ര മെഡല്‍ ഉറപ്പിച്ചു. ടൂര്‍ണമെന്റിലുടനീളം ഉയര്‍ന്ന റാങ്കിലുള്ള ടീമുകളെ തോല്‍പ്പിക്കുകയും മികച്ച തന്ത്രപരമായ പ്രകടനം കാഴ്ചവയ്‌ക്കുകയും ചെയ്ത ഇന്ത്യ, ഏഷ്യയിലെ മുന്‍നിര ടീമുകളോട് ഒപ്പത്തിനൊപ്പം പോരാടാന്‍ കഴിയുമെന്ന് തെളിയിച്ചു.

ഇന്തോനേഷ്യയ്‌ക്കെതിരായ ആവേശകരമായ സെമിഫൈനലും ബഹ്‌റൈനെതിരായ ചരിത്ര വിജയവും ഇന്ത്യന്‍ വോളിബോളിന്റെ വളര്‍ച്ചയുടെ വ്യക്തമായ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

Share