പത്തനംതിട്ട: ലഹരിക്കെതിരെ പ്രവർത്തിക്കുന്നുവെന്ന പേരിൽ സോഷ്യൽ മീഡിയയിലടക്കം സജീവമായിരുന്ന യുവാവ് തന്നെ എംഡിഎംഎയുമായി പോലീസിന്റെ പിടിയിലായി. ‘ആന്റി ഡ്രഗ്സ് മൂവ്മെന്റ്’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന വ്യാജ സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് പത്തനംതിട്ട എഴുമറ്റൂർ കൈമല സ്വദേശി ഷർഫിൻ സെബാസ്റ്റ്യൻ (25) ആണ് അറസ്റ്റിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഷർഫിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 1.590 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. പുസ്തകങ്ങൾക്കിടയിൽ ഒരുക്കിയിരുന്ന രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്.
പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘത്തെ സ്വന്തം മുറി കാണിക്കാതിരിക്കുകയും മറ്റൊരു മുറിയിലേക്ക് വഴിതിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തെങ്കിലും വിശദമായ പരിശോധനയിൽ ഒളിപ്പിച്ചുവെച്ചിരുന്ന എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
തുടർ പരിശോധനയിൽ ലഹരിമരുന്ന് വലിക്കാൻ ഉപയോഗിച്ചിരുന്ന ഗ്ലാസ് ബബ്ലർ, ഫ്യൂമിംഗ് പൈപ്പുകൾ, സിഗരറ്റിൽ ഘടിപ്പിച്ച് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൈപ്പുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു. ഇവ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയയ്‌ക്കും.
പ്രതിയുടെ പക്കൽ നിന്നും ‘ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷൻ (ADMIN)’ എന്ന സംഘടനയുടെ യൂത്ത് മൂവ്മെന്റിന്റെ സംസ്ഥാന പ്രസിഡന്റെന്ന് രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡും പോലീസ് കണ്ടെടുത്തു. സംഘടനയുടെ പ്രവർത്തനങ്ങളും അതിന്റെ ആധികാരികതയും സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
പിടിയിലായ ഷർഫിനെതിരെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. ലഹരിമരുന്ന് എത്തിച്ച ശൃംഖലയും ഇയാളുമായി ബന്ധപ്പെട്ട മറ്റ് കണ്ണികളും കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.















