റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: 2026 ഏഷ്യന്‍ ഗെയിംസ് പുരുഷ ഫുട്‌ബോള്‍ മത്സരത്തില്‍ നിന്ന് ഇന്ത്യന്‍ ദേശീയ ടീമിനെ പിന്‍വലിച്ചു. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടീമിനെ മത്സരത്തില്‍ നിന്ന് പിന്‍വലിച്ചത്. മന്ത്രാലയത്തിന്റെ നിലവിലെ മാനദണ്ഡമനുസരിച്ച് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ദേശീയ ടീം ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ എട്ടിനുള്ളില്‍ ഇടം നേടിയിരിക്കണം.

ഈ മാനദണ്ഡം ഇന്ത്യന്‍ ടീമിന് നിറവേറ്റാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ പിന്മാറ്റത്തെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്ക് ഫിലിപ്പീന്‍സ് ടീമിന് അവസരം ലഭിച്ചു. രാജ്യത്തിന്റെ ഒളിമ്പിക് കമ്മിറ്റി ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെ ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് പുരുഷ ഫുട്‌ബോള്‍ മത്സരത്തില്‍ 16 ടീമുകളാണ് പങ്കെടുക്കുക.

ഓരോ ടീമിനും 23 വയസ്സില്‍ താഴെയുള്ള താരങ്ങളെ ഉള്‍പ്പെടുത്തിയ ടീമിനൊപ്പം പരമാവധി മൂന്ന് സീനിയര്‍ താരങ്ങളെയും രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയുണ്ട്. ഇന്ത്യന്‍ ടീമിനെ മത്സരത്തില്‍ നിലനിര്‍ത്താന്‍ കായിക മന്ത്രാലയവുമായി വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും നിലവിലെ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളില്‍ ഇളവ് ലഭിച്ചില്ല. ഇതോടെയാണ് ടീമിനെ പിന്‍വലിക്കാനുള്ള തീരുമാനം സ്വീകരിച്ചത്. ഇന്ത്യയുടെ അഭാവം ആരാധകര്‍ക്ക് നിരാശയാകുമ്പോള്‍, അവസാന നിമിഷം ലഭിച്ച അവസരം മികച്ച പ്രകടനമാക്കി മാറ്റാനാണ് ഫിലിപ്പീന്‍സ് ലക്ഷ്യമിടുന്നത്.

Share