തൊടുപുഴ: പെരിയാർ കടുവ സങ്കേതത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. സുന്ദരമല സെക്ഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ സതീഷ് രാജിനാണ് പരിക്കേറ്റത്.
കേരള-തമിഴ്നാട് അതിർത്തിയോട് ചേർന്ന തമിഴ്നാട് വനമേഖലയിൽ ഡ്യൂട്ടിക്കിടെയായിരുന്നു കാട്ടാനയുടെ ആക്രമണം.
സംഭവസ്ഥലം വനത്തിനുള്ളിലെ ദുർഘട പ്രദേശമായതിനാൽ വാഹനമെത്താൻ സാധിച്ചില്ല. ഇതിനെ തുടർന്ന് സഹപ്രവർത്തകരും രക്ഷാപ്രവർത്തകരും ചേർന്ന് പരുക്കേറ്റ സതീഷ് രാജിനെ ഏകദേശം ആറു കിലോമീറ്റർ ചുമന്നാണ് വനത്തിന് പുറത്തേക്കെത്തിച്ചത്.
തുടർന്ന് ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംഭവത്തെ തുടർന്ന് വനമേഖലയിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.