ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

Published by
ജനം വെബ്‌ഡെസ്ക്

ദുബായ്: ഐസിസി പുറത്തിറക്കിയ പുതിയ പുരുഷ ടി20 ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററുടെ സ്ഥാനത്തെത്തി. 876 റേറ്റിങ് പോയിന്റുമായി ഇഷാന്‍, സഹതാരം അഭിഷേക് ശര്‍മയെ (869) പിന്തള്ളിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിലെ മിന്നും പ്രകടനമാണ് ഇഷാന് നേട്ടമായത്.

ടൂര്‍ണമെന്റില്‍ ഏകദേശം 200 സ്‌ട്രൈക്ക് റേറ്റില്‍ 317 റണ്‍സ് നേടിയ അദ്ദേഹം, പാകിസ്ഥാനെതിരായ മത്സരത്തിലെ ‘പ്ലെയര്‍ ഓഫ് ദി മാച്ച്’ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയിരുന്നു. ഏകദേശം ഒരു വര്‍ഷത്തോളമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അഭിഷേക് ശര്‍മയെ പിന്തള്ളിയാണ് ഇഷാന്‍ കിഷന്റെ കുതിപ്പ്.

ഇതോടെ വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കു ശേഷം ടി20 ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ഇഷാന്‍ സ്വന്തമാക്കി. പാകിസ്ഥാന്റെ സാഹിബ്‌സാദ ഫര്‍ഹാന്‍ 848 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഇന്ത്യയുടെ പുതിയ ടി20 വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ 747 പോയിന്റോടെ ആറാം സ്ഥാനത്ത് തുടരുമ്പോള്‍, മുന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ഒരു സ്ഥാനം പിന്നിട്ട് എട്ടാമനായി.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ സ്ഥാനം വീതം താഴേക്ക് പോയി യഥാക്രമം മൂന്നും ആറും സ്ഥാനങ്ങളിലാണ്. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍, ഇംഗ്ലണ്ടിന്റെ ജോ റൂട്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ ശുഭ്മന്‍ ഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി. യശസ്വി ജയ്‌സ്വാള്‍ ഒമ്പതാം സ്ഥാനത്തേക്കിറങ്ങി. ഇന്ത്യന്‍ താരങ്ങളില്‍ റിഷഭ് പന്ത് 13-ാം സ്ഥാനത്താണ്. ടെസ്റ്റ് ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

Share