സിംഗപ്പൂർ: പാകിസ്ഥാന്റെ ഭരണസംവിധാനത്തെയും രാഷ്‌ട്രീയ നേതൃത്വത്തെയും സൈനിക സ്ഥാപനങ്ങളെയും രൂക്ഷമായി വിമർശിച്ച് മുൻ സിംഗപ്പൂർ നയതന്ത്രജ്ഞൻ ബിലഹാരി കൗസികൻ. ദുര്‍ഭരണവും സാമ്പത്തിക കെടുകാര്യസ്ഥതയും തീവ്രവാദ സംഘടനകളുടെ വളർച്ചയും കാരണം പാകിസ്ഥാൻ തകർച്ചയുടെ വക്കിലാണെന്ന് അദ്ദേഹം പറഞ്ഞു.
നാഷണൽ പ്രസ് ഫൗണ്ടേഷന്റെ ഇന്റർനാഷണൽ റിപ്പോർട്ടിംഗ് ഫെലോഷിപ്പിൽ സംസാരിക്കവെയായിരുന്നു കൗസികന്റെ പരാമർശം. “പാകിസ്ഥാന്റെ പ്രശ്നങ്ങൾക്ക് ഭൂമിശാസ്ത്രപരമായ സാഹചര്യമല്ല. മറിച്ച് , സ്വാതന്ത്ര്യം നേടിയ കാലം മുതലുള്ള മോശം ഭരണസംവിധാനമാണ്. രാഷ്‌ട്രത്തിന് ഗുണം ചെയ്യുന്ന ഒരു രാഷ്‌ട്രീയ നേതാവ് പോലും. പാർട്ടി ഏതായാലും എല്ലാവരും പരാജയമാണ്,” എന്നും അദ്ദേഹം പറഞ്ഞു.
1991ലെ വിമാന റാഞ്ചൽ ഓർമ്മിപ്പിച്ച് വിമർശനം
1991-ൽ സിംഗപ്പൂർ എയർലൈൻസ് വിമാനം പാക് ഭീകരർ റാഞ്ചിയ സംഭവവും കൗസികൻ ഓർമിപ്പിച്ചു. അന്ന് വിമാനം റാഞ്ചിയവർ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ബെനസീർ ഭൂട്ടോയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാരെ കൊല്ലുമെന്ന് ഭീകരർ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ, അർധരാത്രിയിൽ ഭൂട്ടോയുടെ വസതിയിലേക്ക് ബന്ധപ്പെട്ടെങ്കിലും “മാഡം ഉറങ്ങുകയാണ്, ശല്യപ്പെടുത്താൻ കഴിയില്ല” എന്ന മറുപടിയാണ് ലഭിച്ചതെന്ന് കൗസികൻ വെളിപ്പെടുത്തി. പിന്നീട് സിംഗപ്പൂർ സുരക്ഷാസേന നടത്തിയ മിന്നൽ ഓപ്പറേഷനിൽ നാല് ഭീകരരും കൊല്ലപ്പെടുകയും എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സംഭവം പാകിസ്ഥാനിലെ ഫ്യൂഡൽ രാഷ്‌ട്രീയ സംസ്കാരത്തിന്റെ പ്രതിഫലനമാണെന്ന് കൗസികൻ അഭിപ്രായപ്പെട്ടു.















