ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെയ്‌ഷെല്‍സ് സര്‍ക്കാര്‍ സമ്മാനിച്ച പരമോന്നത പരിസ്ഥിതി ബഹുമതിയെ വിമര്‍ശിച്ച പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന് ഇന്ത്യയുടെ കടുത്ത മറുപടി. വിഷയത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ അസംബന്ധ പരാമര്‍ശങ്ങള്‍ നടത്തുകയാണ് ഖ്വാജ ആസിഫ് ചെയ്യുന്നതെന്നും, അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
മോദിക്ക് ലഭിച്ച ‘ഗാര്‍ഡിയന്‍ ഓഫ് ദ ബ്ലൂ ഹൊറൈസണ്‍’ പുരസ്‌കാരത്തെ ‘കൃത്രിമമായി സൃഷ്ടിച്ച ബഹുമതി’യെന്നാണ് ഖ്വാജ ആസിഫ് വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവില്ലാത്തതിനാലാണ് അദ്ദേഹം ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതെന്നും, പാകിസ്താന്റെ നിലവിലെ അവസ്ഥ തന്നെയാണ് ഇത്തരമൊരു വ്യക്തി പ്രതിരോധമന്ത്രിയായിരിക്കുന്നതിലൂടെ വ്യക്തമാകുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
‘ഖ്വാജ ആസിഫ് മാനസികമായി അസ്ഥിരനാണെന്നത് പരസ്യമായ രഹസ്യമാണ്. വ്യക്തമായ വിവരമില്ലാത്ത വിഷയങ്ങളില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സമയം കളയുകയാണ് അദ്ദേഹം. ഇത് പാകിസ്താന്റെ നേതൃത്വത്തിന്റെ നിലവാരം തന്നെയാണ് കാണിക്കുന്നത്,’ എന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണമെന്ന് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്തു.
സെയ്‌ഷെല്‍സ് സര്‍ക്കാര്‍ അടുത്തിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ‘ഗാര്‍ഡിയന്‍ ഓഫ് ദ ബ്ലൂ ഹൊറൈസണ്‍’ പുരസ്‌കാരം സമ്മാനിച്ചത്. പരിസ്ഥിതി സംരക്ഷണം, ഹരിതവികസനം, സുസ്ഥിര വികസനം എന്നീ മേഖലകളില്‍ ആഗോളതലത്തില്‍ നല്‍കിയ നേതൃത്വത്തിന്റെയും സംഭാവനകളുടെയും അംഗീകാരമായാണ് പുരസ്‌കാരം നല്‍കിയതെന്ന് സെയ്‌ഷെല്‍സ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതേ പുരസ്‌കാരത്തെ പരിഹസിച്ച ഖ്വാജ ആസിഫിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പുതിയ വാക്‌പോരിന് വഴിവെച്ചിരിക്കുന്നത്.















