നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: വിനോദയാത്രയ്‌ക്കിടെ ഉണ്ടായ ദാരുണ അപകടത്തില്‍ മൂന്ന് വയസുകാരി മരിച്ചു. കാട്ടാക്കട കൊറ്റംമ്പള്ളി സ്വദേശികളായ അനു പ്രസാദ്‌നിസ ദമ്പതികളുടെ മകള്‍ ഋഗ്വേദ (3) ആണ് മരിച്ചത്. അമ്പൂരി കുറിച്ചിക്കാട് പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ അപ്രതീക്ഷിതമായി മുന്നോട്ട് ഉരുണ്ടാണ് അപകടമുണ്ടായത്. മൂന്ന് കുടുംബങ്ങള്‍ ചേര്‍ന്നാണ് വിനോദയാത്രയ്‌ക്കായി ഇവിടെ എത്തിയത്.

പാലത്തിന് സമീപം വാഹനം നിര്‍ത്തിയ ശേഷം യാത്രക്കാരെല്ലാം പുറത്തിറങ്ങിയിരുന്നു. ഇതിനിടെ വാഹനത്തിന്റെ ഹാന്‍ഡ് ബ്രേക്ക് അബദ്ധത്തില്‍ റിലീസായതോടെ ടെമ്പോ ട്രാവലര്‍ മുന്നോട്ട് നീങ്ങുകയായിരുന്നു. സമീപത്ത് നിന്നിരുന്ന ഋഗ്വേദയുടെ ദേഹത്തുകൂടി വാഹനം കയറിയിറങ്ങുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടം സംഭവിച്ച സാഹചര്യവും വാഹനത്തിന്റെ സാങ്കേതിക തകരാറുണ്ടായിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

Share