ഡാലസ്: മത്സരം അധികസമയത്തിലേക്ക് നീങ്ങുമെന്ന് എല്ലാവരും കരുതിയ നിമിഷത്തില്‍ പകരക്കാരനായി ഇറങ്ങിയ മിക്കെല്‍ മെറീനോയുടെ നിര്‍ണായക ഗോള്‍ സ്‌പെയിനെ ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ചു. പോര്‍ച്ചുഗലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് സ്പാനിഷ് സംഘം അവസാന എട്ടില്‍ ഇടംപിടിച്ചത്. 90 മിനിറ്റും ഗോള്‍രഹിതമായി തുടര്‍ന്ന മത്സരത്തിന്റെ ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റിലായിരുന്നു വിജയഗോള്‍ പിറന്നത്.
85-ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലിറങ്ങിയ മെറീനോ വെറും അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ മത്സരവിധി നിര്‍ണയിച്ചു. വേഗത്തില്‍ എടുത്ത ഫ്രീകിക്കില്‍ നിന്ന് ഫെറാന്‍ ടോറസ് നല്‍കിയ പന്ത് മെറീനോ വലയിലെത്തിച്ചതോടെയാണ് സ്‌പെയിന്റെ വിജയഗോള്‍ പിറന്നത്. ഈ വിജയത്തോടെ ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങാത്ത ടീമെന്ന റെക്കോര്‍ഡും സ്‌പെയിന്‍ നിലനിര്‍ത്തി.
ഈ തോല്‍വിയോടെ ലോകകപ്പ് കിരീടമെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവസാന സ്വപ്‌നവും അവസാനിച്ചു. 41-കാരനായ പോര്‍ച്ചുഗീസ് ഇതിഹാസത്തിന് ഇനി മറ്റൊരു ലോകകപ്പ് കളിക്കാനുള്ള സാധ്യത വളരെ വിരളമാണ്. ഈ ലോകകപ്പില്‍ മൂന്ന് ഗോളുകള്‍ നേടിയ റൊണാള്‍ഡോയ്‌ക്ക് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ പന്ത് സ്പര്‍ശിച്ച മത്സരവും ഇതായിരുന്നു.
ആദ്യപകുതിയില്‍ സ്‌പെയിനായിരുന്നു കൂടുതല്‍ ആക്രമണോത്സുകരായത്. എട്ടാം മിനിറ്റില്‍ ഡാനി ഓല്‍മോ നല്‍കിയ മികച്ച ഫസ്റ്റ് ടൈം പാസില്‍ നിന്ന് ലഭിച്ച സുവര്‍ണാവസരം മിക്കേല്‍ ഒയര്‍സബാല്‍ പാഴാക്കി. പിന്നാലെ 12-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഷോട്ട് സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ തടുത്തു.
16-ാം മിനിറ്റില്‍ ലമിന്‍ യമാലിനും അലക്‌സ് ബയേനയ്‌ക്കും ലഭിച്ച രണ്ട് ഉറച്ച ഗോളവസരങ്ങള്‍ അത്യുജ്ജ്വല സേവുകളിലൂടെ പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ ഡിയഗോ കോസ്റ്റ തടഞ്ഞു. സിമോണും കോസ്റ്റയും ആദ്യപകുതിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് ടീമുകളെ മത്സരത്തില്‍ നിലനിര്‍ത്തി.
41-ാം മിനിറ്റില്‍ നൂനോ മെന്‍ഡസിന്റെ ശക്തമായ ഷോട്ട് ഗോള്‍പോസ്റ്റില്‍ തട്ടി മടങ്ങിയത് പോര്‍ച്ചുഗലിന് വലിയ നിര്‍ഭാഗ്യമായി. മറുവശത്ത് ഡാനി ഓല്‍മോ കൃത്യമായ ത്രൂ പാസുകളും മുന്നേറ്റങ്ങളും നടത്തി സ്പാനിഷ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചു.
മത്സരത്തിലുടനീളം ഇരു ടീമുകളും അനാവശ്യ റിസ്‌കുകള്‍ ഒഴിവാക്കി സൂക്ഷ്മമായാണ് കളിച്ചത്. അതിനാല്‍ വേഗമേറിയ ആക്രമണങ്ങളും തുറന്ന അവസരങ്ങളും താരതമ്യേന കുറവായിരുന്നു. ഒടുവില്‍ ഇന്‍ജുറി ടൈമില്‍ മെറീനോയുടെ ഒറ്റ പ്രഹരമാണ് മത്സരത്തിന്റെ വിധിയെഴുതിയത്. സ്‌പെയിന്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയപ്പോള്‍, പോര്‍ച്ചുഗലിന്റെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലോകകപ്പ് യാത്രയ്‌ക്ക് ഡാലസില്‍ തിരശീല വീണു.















