കാസർഗോഡ്: മൊബൈൽ ഫോൺ റീച്ചാർജിനായി ആവശ്യപ്പെട്ട തുകയിൽ 200 രൂപ കുറവായതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ എലിവിഷം കഴിച്ച 18-കാരി ചികിത്സയിലിരിക്കെ മരിച്ചു. കാസർഗോഡ് സ്വദേശിനിയായ ആമിന നൂസയാണ് (18) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ജൂൺ 25-നാണ് ആമിന വിഷം കഴിച്ചത്.
പിതാവിനോട് ഏറെ അടുപ്പം പുലർത്തിയിരുന്ന ആമിന, ഫോൺ റീച്ചാർജിനായി 1,500 രൂപ ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ അന്ന് പിതാവിന്റെ കൈവശം 1,300 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കി 200 രൂപ അടുത്ത ദിവസം നൽകാമെന്ന് പറഞ്ഞ് കൈവശമുണ്ടായിരുന്ന തുക മകൾക്ക് കൈമാറുകയായിരുന്നു.
ഇതിന് പിന്നാലെ ക്ലാസിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ആമിന വഴിയരികിലെ കടയിൽ നിന്ന് എലിവിഷം വാങ്ങിയെന്നാണ് വിവരം. തുടർന്ന് തളങ്കര മാലിക് ദിനാർ പള്ളിക്ക് സമീപത്തെ സ്കൂൾ ഗ്രൗണ്ടിൽവെച്ച് വിഷം കഴിച്ച ശേഷം പതിവുപോലെ ബസ് സ്റ്റാൻഡിന് സമീപത്തെ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസിൽ പങ്കെടുക്കുകയും ചെയ്തു.
ഉച്ചയോടെ ക്ലാസ് മുറിയിൽ ശാരീരിക അസ്വസ്ഥതയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് സഹപാഠികൾ കാസർഗോഡിലെ ആശുപത്രിയിലെത്തിച്ചു. ചികിത്സയ്‌ക്കിടെയാണ് താൻ വിഷം കഴിച്ച വിവരം ആമിന ഡോക്ടർമാരോട് അറിയിച്ചത്.
സിങ്ക് ഫോസ്ഫൈഡ് അടങ്ങിയ മാരകവിഷമാണ് ശരീരത്തിൽ പ്രവേശിച്ചതെന്ന് വ്യക്തമായതോടെ വിദഗ്ധ ചികിത്സയ്‌ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മറ്റ് കാരണങ്ങളോ സാഹചര്യങ്ങളോ ഉണ്ടായിരുന്നോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ മറ്റ് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
ശ്രദ്ധിക്കുക: മാനസിക പിരിമുറുക്കങ്ങള്‍ക്കോ വിഷാദരോഗങ്ങള്‍ക്കോ അടിമപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. അതിജീവിക്കാന്‍ മനസ്സ് കാണിച്ചാല്‍ ഏത് പ്രതിസന്ധിയും മറികടക്കാം. സഹായത്തിനായി മാനസികാരോഗ്യ വിദഗ്‌ദ്ധരുടെ സേവനം തേടുക. സംസ്ഥാന സര്‍ക്കാരിന്റെ ദിശ ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍: 1056 (ടോള്‍ ഫ്രീ), 0471-2552056















