ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ എട്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടെന്ന തരത്തിൽ പാകിസ്ഥാന്റെ വ്യാജ പ്രചാരണം തുറന്നു കാട്ടി ഭാരതം. കൃത്രിമമായി സൃഷ്ടിച്ച ചിത്രങ്ങളും പഴയ ഏറ്റുമുട്ടലുകളുടെ ദൃശ്യങ്ങളും ഉപയോഗിച്ചാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതെന്ന് സൈന്യം വ്യക്തമാക്കി.
ജൂലൈ 6-നാണ് കുപ്വാരയിൽ ഓപ്പറേഷൻ നടത്തിയത്. കെരാൻ സെക്ടറിൽ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള തെരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം തകർത്തത്. ചിനാർ കോർപ്സാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്.
തിരച്ചിലിൽ അഞ്ച് എകെ-47 റൈഫിളുകൾ, ഒമ്പത് എകെ മാഗസിനുകൾ, ഒരു ഹാൻഡ് ഗ്രനേഡ്, വൻതോതിലുള്ള വെടിക്കോപ്പുകൾ, സ്ഫോടക വസ്തുക്കൾ, മറ്റ് യുദ്ധോപകരണങ്ങൾ എന്നിവ സുരക്ഷാസേന പിടിച്ചെടുത്തു.
ഇന്ത്യൻ സൈന്യത്തിന്റെ ഭീകരവിരുദ്ധ ഓപ്പറേഷന്റെ വിജയത്തെ മറച്ചുവെക്കാനും ആശയക്കുഴപ്പം സൃഷ്ടിക്കാനുമാണ് പാകിസ്ഥാന്റെ വ്യാജ പ്രചാരണമെന്ന് സൈനിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
അതിർത്തി മേഖലയായ കെരാൻ സെക്ടറിൽ ഭീകര നുഴഞ്ഞുകയറ്റ സാധ്യതകൾ കണക്കിലെടുത്ത് ഇന്ത്യൻ സൈന്യവും മറ്റ് സുരക്ഷാസേനകളും നിരീക്ഷണവും തെരച്ചിലും ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ പരിശോധനകൾ മേഖലയിലുടനീളം തുടരുകയാണെന്നും സൈന്യം അറിയിച്ചു.















