ഭക്തിക്ക് മുന്നിൽ പ്രായം കീഴടങ്ങി; 116-കാരി കയറിയത് 3,550 പടികൾ, തിരുമലയിൽ പ്രത്യേക ദർശനം; ആദരവൊരുക്കി ടിടിഡി

Published by
ജനം വെബ്‌ഡെസ്ക്

തിരുപ്പതി: പ്രായം ഭക്തിക്ക് തടസമല്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ച് 116 കാരി. ചെന്നൈ സ്വദേശിനിയായ നവനീതമ്മ 11 കിലോമീറ്റർ ദൈർഘ്യമുള്ള ആലിപ്പിരി പാതയിലൂടെ 3,550 പടികൾ കയറി തിരുമലയിലെ ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ഇവരുടെ യാത്രയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) പ്രത്യേക ദർശനവും ആദരവും ഒരുക്കി.

കഴിഞ്ഞ ഏതാനും വർഷങ്ങളായി തിരുപ്പതിയിലെ ബന്ധുക്കൾക്കൊപ്പമാണ് നവനീതമ്മ താമസിക്കുന്നത്.  കാൽനടയായി തിരുമലയിൽ പോകുക എന്നത് മുത്തശ്ശിയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു.  പ്രായാധിക്യം വകവയ്‌ക്കാതെ യാത്ര മറ്റ് തീർഥാടകരെയും അത്ഭുതപ്പെടുത്തി. നിരവധി പേർ യാത്രയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം വ്യാപകമായി ശ്രദ്ധ നേടിയത്.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ടിടിഡി അധികൃതർ നവനീതമ്മയെ കണ്ടെത്തി പ്രത്യേക  ദർശനം ഒരുക്കി. മഹാദ്വാരത്തിലൂടെയാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചത്. ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ മുദ്ദഡ രവിചന്ദ്ര പട്ടുവസ്ത്രവും പ്രസാദവും നൽകി ആദരിച്ചു.

“യഥാർഥ ഭക്തിക്ക് മുന്നിൽ പ്രായം വെറും സംഖ്യ മാത്രമാണ്” എന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. നവനീതമ്മയുടെ അചഞ്ചലമായ വിശ്വാസവും കുടുംബത്തിന്റെ പിന്തുണയും അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിവർഷം ലക്ഷക്കണക്കിന് ഭക്തർ ഉപയോഗിക്കുന്ന തിരുമലയിലേക്കുള്ള പരമ്പരാഗത തീർഥാടന പാതയാണ് ആലിപ്പിരി. ഏകദേശം 11 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ 3,550 പടികളാണുള്ളത്. ശ്രീ വെങ്കടേശ്വര സ്വാമിയോടുള്ള അഗാധമായ ഭക്തിയുടെ പ്രതീകമാണ് ഈ പാതയിലൂടെയുള്ള തീർത്ഥാടനം.

Share