ഷൊർണൂരിൽ വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം; ദുരൂഹതയിൽ അന്വേഷണം

Published by
ജനം വെബ്‌ഡെസ്ക്

പാലക്കാട്: ഷൊർണൂർ വാടാനംകുറിശ്ശിയിൽ വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സംഭവത്തിൽ ഷൊർണൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

പൊയിലൂർ സ്വദേശിനി ജയയുടെ വീടിന്റെ മുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് വീടിന് സമീപത്തെ തെങ്ങിന് ചുവട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധനയും തുടർനടപടികളും ആരംഭിച്ചു.

സംഭവം ഇന്നലെ അർധരാത്രിയോടെ നടന്നിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്വയം തീകൊളുത്തിയതാകാമെന്ന സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ടെങ്കിലും, മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. മൃതദേഹത്തിന്റെ തിരിച്ചറിയൽ നടപടികളും പുരോഗമിക്കുകയാണ്.

പുലർച്ചെയുണ്ടായ മഴയെ തുടർന്ന് മൃതദേഹം പൂർണമായും കത്തിനശിച്ചിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടും പോസ്റ്റ്മോർട്ടം ഫലവും ലഭിച്ച ശേഷമേ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തത ലഭിക്കൂ.

Share