മാക്രോണിന്റെ സന്ദര്‍ശനത്തിനിടെ ഡമാസ്‌കസില്‍ സ്‌ഫോടനം; ഫോര്‍ സീസണ്‍സ് ഹോട്ടലിന് സമീപം സുരക്ഷാ ഭീഷണി

Published by
ജനം വെബ്‌ഡെസ്ക്

ഡമാസ്‌കസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സിറിയ സന്ദര്‍ശിക്കുന്നതിനിടെ തലസ്ഥാനമായ ഡമാസ്‌കസില്‍ രണ്ട് സ്‌ഫോടനം. മാക്രോണ്‍ താമസിച്ചിരുന്ന ഫോര്‍ സീസണ്‍സ് ഹോട്ടലിന് സമീപത്താണ് രണ്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായതെന്ന് സിറിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. സിറിയന്‍ തലസ്ഥാനത്തിന്റെ നഗരഹൃദയത്തില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ഒരു ബോംബ് ചപ്പുചവറുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നെന്നും മറ്റൊന്ന് ഫോര്‍ സീസണ്‍സ് ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ സ്ഥാപിച്ചിരുന്നതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സ്‌ഫോടനം നടക്കുമ്പോഴേക്കും മാക്രോണ്‍ ഹോട്ടല്‍ വിട്ട് സിറിയന്‍ പ്രസിഡന്റ് അഹ്‌മദ് അല്‍-ഷാറായുമായി കൂടിക്കാഴ്ചയ്‌ക്കായി പ്രസിഡന്‍ഷ്യല്‍ പാലസിലെത്തിയിരുന്നുവെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ഫ്രഞ്ച് സര്‍ക്കാര്‍ മാക്രോണ്‍ സുരക്ഷിതനാണെന്ന് സ്ഥിരീകരിച്ചു. സ്‌ഫോടനസമയത്ത് അദ്ദേഹം ഹോട്ടലിലുണ്ടായിരുന്നില്ലെന്നും നിശ്ചയിച്ച പ്രകാരം ഔദ്യോഗിക സന്ദര്‍ശന പരിപാടികള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടുണ്ടോയെന്നതടക്കമുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ സിറിയന്‍ സുരക്ഷാസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share