തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി റിക്രൂട്ട്മെന്റ് നടപടികളിലെ ക്രമക്കേടുകളും ആരോപണങ്ങളും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികയിലേക്കുള്ള നിയമനത്തിന്റെ മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവുകള്‍ കണ്ടെത്തിയതോടെയാണ് പി.എസ്.സിയുടെ റിക്രൂട്ട്മെന്റ് നടപടികള്‍ വീണ്ടും വിവാദത്തിലായത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന വിവിധ പി.എസ്.സി പരീക്ഷകളിലും അഭിമുഖങ്ങളിലും ക്രമക്കേടുകള്‍ നടന്നതായി ആരോപിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഒ.ജെ. ജനീഷ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യവും പരിഗണിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭ അനുമതി നല്‍കിയത്.
അതേസമയം, അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പി.എസ്.സി 2023-ലെ മുഴുവന്‍ ഉത്തരക്കടലാസുകളും നശിപ്പിക്കാന്‍ നേരത്തെ എടുത്ത തീരുമാനം പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ഉപയോഗശൂന്യമായ ഉത്തരക്കടലാസുകള്‍ നശിപ്പിക്കുന്നത് പതിവ് നടപടിയാണെന്നാണ് പി.എസ്.സിയുടെ വിശദീകരണം.
എന്നാല്‍, ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി 2023-ലെ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ പരിശോധിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അതിന് ഇനി അവസരമുണ്ടാകില്ലെന്നാണ് വിമര്‍ശകരുടെ ആരോപണം. അന്വേഷണം ഉണ്ടാകുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് തെളിവുകള്‍ ഇല്ലാതാക്കാന്‍ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ തീരുമാനിച്ചതെന്ന ഗുരുതര ആരോപണവും പ്രതിപക്ഷം ഉള്‍പ്പെടെ ഉയര്‍ത്തുന്നുണ്ട്.
പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൂടുതല്‍ ശക്തമാകുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.















