തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നേരത്തെ അഞ്ച് ജില്ലകളില്‍ മാത്രമായിരുന്ന മഴ മുന്നറിയിപ്പ് പുതുക്കി ഒന്‍പത് ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. പുതുക്കിയ മുന്നറിയിപ്പനുസരിച്ച് സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതും അതിതീവ്രവുമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
വടക്കന്‍ കേരളത്തില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.
അതേസമയം എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെയും മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം തുടരുകയും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പ്രത്യേകിച്ച് മലയോര മേഖലയിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവര്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്.