തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

Published by
ജനം വെബ്‌ഡെസ്ക്

കരൂർ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂർ സന്ദർശിക്കും. കഴിഞ്ഞ വർഷം കരൂരിൽ നടന്ന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നിയമന ഉത്തരവുകളും വിവിധ ക്ഷേമപദ്ധതി ആനുകൂല്യങ്ങളും വിതരണം ചെയ്യുന്ന സർക്കാർ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.

രാവിലെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തുന്ന മുഖ്യമന്ത്രി, അവിടെ നിന്ന് റോഡ് മാർഗം കരൂരിലേക്ക് യാത്രതിരിക്കും. യാത്രാമധ്യേ ഏകദേശം 10 കിലോമീറ്റർ ദൂരത്തിൽ റോഡ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്.

തുടർന്ന് കരൂർ–സേലം ബൈപാസ് റോഡിലെ അറ്റ്ലസ് കലയരംഗം മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി പ്രവർത്തകരെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്യും. ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായത്.

ശേഷം ജില്ലാ കളക്ടറേറ്റിൽ നടക്കുന്ന സർക്കാർ ചടങ്ങിൽ ദുരന്തബാധിത കുടുംബങ്ങൾക്ക് സർക്കാർ നിയമന ഉത്തരവുകൾ ഉൾപ്പെടെയുള്ള ക്ഷേമപദ്ധതി ആനുകൂല്യങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്യും.

മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കരൂർ ജില്ലയിൽ കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിവിധയിടങ്ങളിലായി ഏകദേശം 6,500 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ചുമതലയ്‌ക്കായി വിന്യസിച്ചിരിക്കുന്നത്. പരിപാടികൾക്ക് ശേഷം മുഖ്യമന്ത്രി തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങും.

Share