ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടക്കുമ്പോള്‍ കളിക്കളത്തിന് പുറത്തും ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ടിക്കറ്റ് നിരക്കിലെ അമിതവര്‍ധനയും റഫറിങ് വിവാദങ്ങളും ഇതിനകം തന്നെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്ന ടൂര്‍ണമെന്റിന് ഇപ്പോള്‍ മറ്റൊരു തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ആതിഥേയരായ അമേരിക്കയും പുറത്തായതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റ് ആവശ്യകത ഗണ്യമായി കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ടിക്കറ്റ് വില്‍പ്പന പ്ലാറ്റ്ഫോമായ ടിക്പിക്ക് (TickPick) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, വെള്ളിയാഴ്ച നടക്കുന്ന സ്‌പെയിന്‍-ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന്റെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില 2,950 ഡോളറില്‍ നിന്ന് 1,200 ഡോളറായി കുത്തനെ ഇടിഞ്ഞു. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 2.45 ലക്ഷത്തില്‍ നിന്ന് ഒരു ലക്ഷത്തോട് അടുത്ത നിരക്കിലേക്കാണ് വില താഴ്ന്നത്.
പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് 4-1ന് പരാജയപ്പെട്ട് അമേരിക്ക പുറത്തായതാണ് ടിക്കറ്റ് ഡിമാന്‍ഡ് കുറയാന്‍ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ആതിഥേയ രാജ്യം ക്വാര്‍ട്ടറില്‍ എത്തിയിരുന്നെങ്കില്‍ സ്റ്റേഡിയം നിറയ്‌ക്കാന്‍ വലിയ പ്രയാസമുണ്ടാകില്ലായിരുന്നുവെന്നാണ് വിലയിരുത്തല്‍.
അതേസമയം, സ്‌പെയിനിനോട് 1-0ന് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായതും ഫിഫയ്‌ക്ക് തിരിച്ചടിയായി. ഇതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് കരിയറിനും വിരാമമായി. ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ താരസാന്നിധ്യങ്ങളിലൊന്നായ റൊണാള്‍ഡോയുടെ അഭാവം ടൂര്‍ണമെന്റിന്റെ ആഗോള ആകര്‍ഷണത്തെ ബാധിച്ചതായാണ് വിലയിരുത്തല്‍.
അമേരിക്കയും പോര്‍ച്ചുഗലും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഫുട്‌ബോള്‍ ലോകം. റൊണാള്‍ഡോയുടെ ജനപ്രീതിയും ആതിഥേയ രാജ്യത്തിന്റെ പിന്തുണയും ടിക്കറ്റ് ആവശ്യകത റെക്കോര്‍ഡ് ഉയരത്തിലെത്തിക്കുമെന്നായിരുന്നു ഫിഫയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇരുടീമുകളും നോക്കൗട്ടില്‍ പുറത്തായതോടെ ആ പ്രതീക്ഷകള്‍ തകര്‍ന്നു.
ഇതിനിടെ, ഫ്രാന്‍സ്-മൊറോക്കോ ക്വാര്‍ട്ടര്‍ ഫൈനലിനാണ് ഇതുവരെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമായത്. ടിക്പിക്കിന്റെ കണക്കുകള്‍ പ്രകാരം 989 ഡോളര്‍ (ഏകദേശം 82,000 രൂപ) മുതലാണ് ഈ മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞത്.















