ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

Published by
ജനം വെബ്‌ഡെസ്ക്

മിയാമി: ഫിഫ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ ഇംഗ്ലണ്ട്‌-നോര്‍വേ പോരാട്ടത്തിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി രണ്ട് പ്രമുഖ യൂറോപ്യന്‍ വിമാനക്കമ്പനികളുടെ രസകരമായ വെല്ലുവിളി. നോര്‍വേയുടെ Norwegian Air Shuttleയും ബ്രിട്ടന്റെ British Airwaysയും തമ്മിലായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ നടന്ന സൗഹൃദ വാതുവെപ്പ്.

ജൂലൈ 8-ന് നോര്‍വീജിയന്‍ എയര്‍ ഷട്ടില്‍ ഇന്‍സ്റ്റഗ്രാമില്‍ ബ്രിട്ടീഷ് എയര്‍വേസിനെ ടാഗ് ചെയ്ത്, ‘Ready to risk your logo?’ എന്ന ചോദ്യത്തോടെയാണ് വെല്ലുവിളി ഉയര്‍ത്തിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വേ ജയിച്ചാല്‍ ബ്രിട്ടീഷ് എയര്‍വേസ് ഒരു ദിവസത്തേക്ക് തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ചിത്രം നോര്‍വീജിയന്‍ എയറിന്റെ ലോഗോയാക്കി മാറ്റണം. ഇംഗ്ലണ്ട് വിജയിച്ചാല്‍ തങ്ങള്‍ ബ്രിട്ടീഷ് എയര്‍വേസിന്റെ ലോഗോ ഉപയോഗിക്കാമെന്നായിരുന്നു നിര്‍ദേശം.

ആദ്യം തമാശയോടെയായിരുന്നു ഇരുകൂട്ടരുടെയും പ്രതികരണങ്ങള്‍. ‘Don’t make bets you can’t win’ എന്ന ബ്രിട്ടീഷ് എയര്‍വേസിന്റെ മറുപടിക്ക്, ‘Does this mean you’re too scared?’ എന്ന് നോര്‍വീജിയന്‍ എയര്‍ തിരിച്ചടിച്ചു. തുടര്‍ന്ന് ‘Scared? Nor-way, mate.’ എന്ന ബ്രിട്ടീഷ് എയര്‍വേസിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഒടുവില്‍ ബ്രിട്ടീഷ് എയര്‍വേസ് വെല്ലുവിളി ഔദ്യോഗികമായി സ്വീകരിച്ചു. ‘Challenge accepted! Just don’t be surprised if we take the win at cruising altitude.’ എന്ന കുറിപ്പോടെയായിരുന്നു പ്രതികരണം. ഈ പോസ്റ്റിന് മാത്രം പതിനായിരക്കണക്കിന് ലൈക്കുകള്‍ ലഭിച്ചു.

അതിന് പിന്നാലെ നോര്‍വീജിയന്‍ എയര്‍ ‘Love the confidence. Check your DMs for the logo swap.’ എന്ന് മറുപടി നല്‍കി. ‘It’s on’ എന്ന തലക്കെട്ടോടെ മീമും കമ്പനി പങ്കുവെച്ചു.

ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്‌ത്തിയ ഈ സൗഹൃദ വാതുവെപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. ലോകകപ്പിന്റെ ആവേശം കളിക്കളത്തില്‍ മാത്രമല്ല, ആഗോള ബ്രാന്‍ഡുകളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലും എങ്ങനെ ഉപയോഗിക്കാമെന്ന് കാണിച്ചുതന്ന ഉദാഹരണമായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്. ഇനി മത്സരഫലത്തിന് പിന്നാലെ തോറ്റ ടീമിന്റെ രാജ്യത്തെ എയര്‍ലൈന്‍ വാഗ്ദാനം പാലിച്ച് ഒരു ദിവസത്തേക്ക് ഇന്‍സ്റ്റഗ്രാം ലോഗോ മാറ്റുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Share