മലപ്പുറം: മിക്സ്ചറിലെ കടല തൊണ്ടയിൽ കുടുങ്ങി ശ്വാസതടസം നേരിട്ട മൂന്ന് വയസുകാരൻ മരിച്ചു. മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാൻ (3) ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ദാരുണ സംഭവം. മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ ഉടൻ തന്നെ കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത്
മൂന്ന് മുതൽ അഞ്ച് വയസുവരെയുള്ള കുട്ടികൾക്ക് കടല, മുന്തിരി, പോപ്‌കോൺ, കടുപ്പമുള്ള മിഠായികൾ തുടങ്ങിയവ നൽകുമ്പോൾ മുതിർന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം. ഭക്ഷണം ചെറുതായി മുറിച്ച് നൽകുകയും കുട്ടികൾ ഭക്ഷണം കഴിക്കുമ്പോൾ ഒപ്പമിരിക്കുകയും ചെയ്യുന്നത് ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു.















