ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് കിരീടം നേടിയ സ്പെയിന് ട്രോഫി സമ്മാനിക്കുന്ന ചടങ്ങിനിടെ നാടകീയ രംഗങ്ങള്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രോഫി കൈമാറിയ ശേഷവും പോഡിയത്തില്‍ നിന്ന് മാറാതിരുന്നതാണ് ചടങ്ങില്‍ അല്‍പനേരം ആശയക്കുഴപ്പമുണ്ടാക്കിയത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ഇടപെട്ട ശേഷമാണ് സ്പാനിഷ് താരങ്ങള്‍ക്ക് ലോകകപ്പ് ട്രോഫി ഉയര്‍ത്തി ആഘോഷിക്കാന്‍ സാധിച്ചത്.
ന്യൂയോര്‍ക്ക് ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ എക്സ്ട്രാ ടൈമില്‍ അര്‍ജന്റീനയെ 1-0ന് തോല്‍പ്പിച്ചാണ് സ്പെയിന്‍ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. വിജയികള്‍ക്കുള്ള മെഡലും ട്രോഫിയും സമ്മാനിക്കുന്നതിനായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്‌ക്കൊപ്പം ഡൊണാള്‍ഡ് ട്രംപ് പോഡിയത്തിലെത്തിയപ്പോള്‍ സ്റ്റേഡിയത്തിലെ ഒരു വിഭാഗം കാണികള്‍ കൂവുകയും വിസിലടിക്കുകയും ചെയ്തു. ട്രംപിനും ഇന്‍ഫാന്റിനോയും ചേര്‍ന്നാണ് സ്പാനിഷ് നായകന്‍ റോഡ്രിക്ക് ലോകകപ്പ് ട്രോഫി കൈമാറിയത്.
എന്നാല്‍ ട്രോഫി സമ്മാനിച്ചതിന് ശേഷവും പോഡിയത്തിന്റെ മധ്യത്തില്‍ തന്നെ ട്രംപ് തുടര്‍ന്നു. ഇതോടെ ക്യാപ്റ്റന്‍ റോഡ്രിയെ ചുറ്റിനിന്ന് കിരീടം ഉയര്‍ത്തി ആഘോഷിക്കാന്‍ ഒരുങ്ങിയ സ്പാനിഷ് താരങ്ങള്‍ അല്‍പനേരം ആശയക്കുഴപ്പത്തിലായി. രംഗം ശ്രദ്ധയില്‍പ്പെട്ട ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോ ട്രംപിനോട് അരികിലേക്ക് മാറിനില്‍ക്കാന്‍ ആംഗ്യം കാണിക്കുകയും പിന്നീട് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെയാണ് സ്‌പെയിന്‍ താരങ്ങള്‍ക്ക് ലോകകപ്പ് ട്രോഫി ഉയര്‍ത്തി ആഘോഷിക്കാന്‍ കഴിഞ്ഞത്. ട്രംപ് പിന്നീട് പോഡിയത്തിന്റെ വശത്ത് നിന്ന് താരങ്ങളുടെ ആഘോഷം വീക്ഷിച്ചു. ഇത്തരമൊരു സംഭവം ഇതാദ്യമല്ല. ഇതേ സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിലും ട്രോഫി സമ്മാനിച്ചതിന് ശേഷവും ട്രംപ് വേദിയില്‍ തുടര്‍ന്നത് ശ്രദ്ധ നേടിയിരുന്നു. അന്നും ട്രോഫിയുമായി ആഘോഷിക്കാനെത്തിയ ചെല്‍സി താരങ്ങള്‍ ആശയക്കുഴപ്പത്തിലായ സംഭവത്തിന് പിന്നാലെ ഇത് വീണ്ടും ചര്‍ച്ചയാകുകയാണ്.