ന്യൂയോര്‍ക്ക്: അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സി ഓരോ മത്സരത്തിലും ഉപയോഗിക്കുന്നത് എത്ര ജേഴ്‌സികളാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു രാജ്യാന്തര മത്സരത്തിനായി മെസ്സിക്കായി മാത്രം 200 മുതല്‍ 300 വരെ ജേഴ്‌സികളാണ് സ്‌പോണ്‍സര്‍മാരായ അഡിഡാസ് തയ്യാറാക്കുന്നതെന്ന് വെളിപ്പെടുത്തി അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്.
മെസ്സിയുടെ ജേഴ്‌സി സ്വന്തമാക്കാനുള്ള ആരാധനയും ആവശ്യവും ലോക ഫുട്‌ബോളില്‍ അതുല്യമായതിനാലാണ് ഇത്രയും ജേഴ്‌സികള്‍ മുന്‍കൂട്ടി തയ്യാറാക്കുന്നതെന്ന് മാര്‍ട്ടിനെസ് പറഞ്ഞു. എതിരാളികളായ താരങ്ങള്‍, പരിശീലകര്‍, ടീമുകളുടെ സപ്പോര്‍ട്ട് സ്റ്റാഫ്, ക്ലബ് അധികൃതര്‍, സ്‌പോണ്‍സര്‍മാര്‍ തുടങ്ങി നിരവധി പേര്‍ മത്സരശേഷം മെസ്സിയുടെ ജേഴ്‌സി ആവശ്യപ്പെടാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ടീമിന്റെ കിറ്റ്മാനെ ഉദ്ധരിച്ചാണ് മാര്‍ട്ടിനെസ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് അന്താരാഷ്‌ട്ര മത്സരങ്ങള്‍ മാത്രമുള്ള ഒരു വിന്‍ഡോയിലും 650ഓളം മെസ്സി ജേഴ്‌സികള്‍ വരെ അഡിഡാസിന് തയ്യാറാക്കേണ്ടി വരാറുണ്ടെന്നാണ് വിവരം.
ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ ഐക്കണുകളില്‍ ഒരാളായ മെസ്സിയുടെ ജേഴ്‌സി സ്വന്തമാക്കുന്നത് നിരവധി താരങ്ങളും പരിശീലകരും അഭിമാനമായാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഓരോ മത്സരത്തിനും നൂറുകണക്കിന് ജേഴ്‌സികള്‍ പ്രത്യേകമായി നിര്‍മ്മിക്കേണ്ട സാഹചര്യമാണുള്ളതെന്നും മാര്‍ട്ടിനെസ് പറഞ്ഞു.















