ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളും രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ ഇതിഹാസവുമായ കെവിന്‍ കീഗന്‍ (75) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കുടുംബമാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ ജനുവരിയിലായിരുന്നു അദ്ദേഹത്തിന് അര്‍ബുദം സ്ഥിരീകരിച്ചത്.
ഇംഗ്ലണ്ട് ദേശീയ ടീമിന്റെയും ലിവര്‍പൂള്‍, ന്യൂകാസില്‍ യുണൈറ്റഡ് ക്ലബ്ബുകളുടെയും ഇതിഹാസതാരമായിരുന്ന കീഗന്‍, കളിക്കാരനായും പരിശീലകനായും ഫുട്‌ബോള്‍ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. അറ്റാക്കിങ് മിഡ്ഫീല്‍ഡറായും ഫോര്‍വേഡായും തിളങ്ങിയ അദ്ദേഹം ഇംഗ്ലണ്ടിനായി 63 മത്സരങ്ങളില്‍ 21 ഗോളുകള്‍ നേടി. 31 മത്സരങ്ങളില്‍ ദേശീയ ടീമിനെ നയിക്കുകയും ചെയ്തു.
ക്ലബ് കരിയറില്‍ സ്‌കന്തോര്‍പ്പ് യുണൈറ്റഡ്, ലിവര്‍പൂള്‍, ഹാംബര്‍ഗ് എസ്.വി., സതാംപ്ടണ്‍, ന്യൂകാസില്‍ യുണൈറ്റഡ്, ബ്ലാക്ക്ടൗണ്‍ സിറ്റി എന്നീ ടീമുകള്‍ക്കായി കളിച്ച കീഗന്‍ 744 മത്സരങ്ങളില്‍ നിന്ന് 254 ഗോളുകള്‍ നേടി. ലിവര്‍പൂളിനായി മാത്രം 323 മത്സരങ്ങളില്‍ 100 ഗോളുകള്‍ നേടിയ അദ്ദേഹം ക്ലബ്ബിനൊപ്പം മൂന്ന് ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷന്‍ കിരീടങ്ങളും, എഫ്.എ. കപ്പ്, യൂറോപ്യന്‍ കപ്പ്, യുവേഫ കപ്പ് വിജയങ്ങളും സ്വന്തമാക്കി.
തുടര്‍ന്ന് ഹാംബര്‍ഗിനൊപ്പം ബുണ്ടസ് ലീഗ കിരീടവും നേടി. 1978-ലും 1979-ലും തുടര്‍ച്ചയായി ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ കീഗന്‍, തന്റെ വേഗത, മികവുറ്റ ഡ്രിബ്ലിങ്, കൃത്യമായ ഫിനിഷിങ് എന്നിവകൊണ്ടാണ് ലോക ഫുട്‌ബോളില്‍ ശ്രദ്ധേയനായത്. കളിക്കാരനെന്ന നിലയില്‍ വിരമിച്ച ശേഷം പരിശീലകനായും തിളങ്ങിയ അദ്ദേഹം ന്യൂകാസില്‍ യുണൈറ്റഡ്, ഫുള്‍ഹാം, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളെ പരിശീലിപ്പിച്ചു.
ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലകനായിരുന്ന കാലത്ത് 18 മത്സരങ്ങളില്‍ ഏഴ് ജയവും ഏഴ് സമനിലയും സ്വന്തമാക്കി. ഇംഗ്ലീഷ് ഫുട്‌ബോളിന്റെ സുവര്‍ണകാലത്തെ അടയാളപ്പെടുത്തിയ താരത്തിന്റെ വിയോഗത്തില്‍ ഫുട്‌ബോള്‍ ലോകം അനുശോചനം രേഖപ്പെടുത്തി.















