വെള്ളരിക്കുണ്ട്: ഒരേയൊരു മകനെ യാത്രയാക്കുമ്പോള്‍ ഓരോ മാതാപിതാക്കളും മനസ്സില്‍ സൂക്ഷിക്കുന്നത് ഒരേയൊരു പ്രതീക്ഷയാണ് ‘അവന്‍ തിരികെ വരും’. എന്നാല്‍ വെള്ളരിക്കുണ്ടിലെ ആ വീട്ടിലേക്ക് ഇനി അഖില്‍ ജോയന്‍ തിരിച്ചെത്തില്ല. വിവാഹസ്വപ്‌നങ്ങളുമായി, പുതിയ ജീവിതത്തിന്റെ പ്രതീക്ഷകളുമായി ഒരു മാസം മുമ്പ് യാത്ര പറഞ്ഞിറങ്ങിയ ആ യുവാവ് ആക്രമണത്തില്‍ മരിണപ്പെട്ടിരിക്കുകയാണ്.
റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ ചരക്കുകപ്പലില്‍ ജീവന്‍ നഷ്ടമായ കാസര്‍കോട് വെള്ളരിക്കുണ്ട് എ.കെ.ജി നഗര്‍ സ്വദേശി അഖില്‍ ജോയന്റെ (26) വിയോഗം ഒരു കുടുംബത്തിന്റെ മാത്രമല്ല, ഒരു നാടിന്റെ കണ്ണീര്‍കഥയായി മാറുകയാണ്. ചെറുപ്പം മുതല്‍ പോരാട്ടമായിരുന്നു അഖിലിന്റെ ജീവിതം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തെ കരകയറ്റണമെന്ന ആഗ്രഹമാണ് വെറും 19-ാം വയസ്സില്‍ തന്നെ മര്‍ച്ചന്റ് നേവിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.
കടലിലെ ഓരോ യാത്രയും സ്വന്തം ജീവിതം മെച്ചപ്പെടുത്താനല്ല, വീട്ടിലെ മാതാപിതാക്കളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനായിരുന്നു. ആ സ്വപ്‌നങ്ങളില്‍ ഏറ്റവും വലുത് ഒരു വീട്. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിനൊടുവില്‍ ഒരു വര്‍ഷം മുമ്പാണ് മാതാപിതാക്കള്‍ക്കായി പുതിയ വീട് നിര്‍മിച്ച് ഗൃഹപ്രവേശം നടത്തിയത്. ആ വീട്ടില്‍ ഇനി ബാക്കി ഉണ്ടായിരുന്നത് ഒരു ആഘോഷം മാത്രം അഖിലിന്റെ വിവാഹം.
ഈ വര്‍ഷം വീട്ടിലെത്തിയപ്പോള്‍ വിവാഹത്തെക്കുറിച്ചായിരുന്നു കൂടുതല്‍ സംസാരിച്ചത്. അടുത്ത അവധിക്ക് നാട്ടിലെത്തി വിവാഹം നടത്താമെന്ന തീരുമാനവും കുടുംബത്തില്‍ സന്തോഷം നിറച്ചിരുന്നു. ഒരു മാസം മുമ്പ് ജോലിക്ക് മടങ്ങുമ്പോഴും സുഹൃത്തുക്കളോടും ബന്ധുക്കളോടും അതേ സ്വപ്‌നങ്ങളായിരുന്നു പങ്കുവെച്ചത്. ആ യാത്ര തിരിച്ചുവരവിനുള്ളതായിരിക്കുമെന്ന് എല്ലാവരും കരുതി. പക്ഷേ വിധി മറ്റൊന്നായിരുന്നു.
കളിക്കളത്തിലും അഖില്‍ ഒരു പോരാളിയായിരുന്നു. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന കാലത്ത് തന്നെ വിവിധ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ചു. പ്രത്യേകിച്ച് റോപ്പ് പുള്‍-അപ്പിലും വടംവലിയിലും നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി. റോപ്പ് പുള്‍-അപ്പില്‍ ലോക റെക്കോര്‍ഡിലേക്കെത്തിയ പ്രകടനമാണ് അഖിലിനെ നാട്ടിലെ യുവാക്കളുടെ അഭിമാനമാക്കിയത്.
എന്നാല്‍ യുദ്ധത്തിന്റെ തീ ആളിപ്പടര്‍ന്ന യുക്രൈന്‍ തീരത്ത് ആ സ്വപ്‌നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് തകര്‍ന്നു. ഭക്ഷ്യധാന്യങ്ങളുമായി യാത്രതിരിക്കാന്‍ തയ്യാറെടുക്കുകയായിരുന്ന ചരക്കുകപ്പലിന് നേരെയുണ്ടായ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ അഖില്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ രക്ഷപ്പെട്ടെങ്കിലും അഖിലിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞില്ല.
മകന്റെ മരണവാര്‍ത്ത വിശ്വസിക്കാനാകാതെ തളര്‍ന്നിരിക്കുകയാണ് അച്ഛന്‍ ജോയനും അമ്മ സാലിയും. ഒരേയൊരു മകന്റെ വിവാഹത്തിനായി സ്വപ്‌നം കണ്ട മാതാപിതാക്കള്‍ക്ക് ഇന്ന് കണ്ണീരല്ലാതെ മറ്റൊന്നുമില്ല. വീട്ടില്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നത് അഖിലിന്റെ ചിരിച്ച മുഖവും, അടുത്ത വരവിനെക്കുറിച്ചുള്ള അവസാന വാക്കുകളുമാണ്.















