സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് മാര്‍ച്ചിനിടെ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സംഘടിപ്പിച്ച പ്രതിഷേധം അക്രമാസക്തമായതോടെ ഡല്‍ഹിയില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ. പോലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും കല്ലേറ്, ചെരുപ്പേറ്, കുരുമുളക് സ്‌പ്രേ പ്രയോഗം എന്നിവ നടക്കുകയും ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു. നിരവധി പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായും അധികൃതര്‍ വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ പ്രതിഷേധത്തിന് പിന്നില്‍ ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍, തീവ്ര ഇടത് സംഘടനകള്‍, മറ്റ് വിഘടനവാദ ഗ്രൂപ്പുകള്‍ എന്നിവരുടെ സാന്നിധ്യമുണ്ടെന്ന ആരോപണങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഈ ആരോപണങ്ങള്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ എല്ലാ സാധ്യതകളും പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

പ്രതിഷേധത്തിന് യുവാക്കളെ എത്തിക്കുന്നതിനായി പ്രത്യേക ഫണ്ടിംഗ് നടന്നെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം നടക്കുകയാണെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. വിദേശ സഹായമുണ്ടോയെന്ന കാര്യത്തിലും വിവരശേഖരണം തുടരുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഞായറാഴ്ച രാത്രി മുതല്‍ ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെ ജന്തര്‍ മന്തറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ആരംഭിച്ചെങ്കിലും, നിരോധനാജ്ഞ നിലനിന്നതിനാല്‍ കേരള ഹൗസിന് സമീപം പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. ഇതിന് പിന്നാലെ കല്ലേറും മറ്റ് അക്രമ സംഭവങ്ങളും ഉണ്ടായതായി പോലീസ് അറിയിച്ചു.

സംഘര്‍ഷത്തിനിടെ മരങ്ങളിലും വാഹനങ്ങള്‍ക്ക് മുകളിലും കയറിയിരുന്ന ചിലര്‍ പോലീസിന് നേരെ കല്ലും മറ്റ് വസ്തുക്കളും എറിഞ്ഞതായും ഇതില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായും പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തേണ്ടിവന്നതായും അധികൃതര്‍ അറിയിച്ചു.

ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയ്യാറായില്ലെന്ന പ്രതിഷേധക്കാരുടെ ആരോപണങ്ങള്‍ക്കിടെ, രാജ്യസഭാ കക്ഷിനേതാവും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ സമരപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി നിവേദനം സ്വീകരിച്ചു. ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

അതേസമയം, ചര്‍ച്ച നടന്നിട്ടും പ്രതിഷേധക്കാര്‍ റാഫി മാര്‍ഗിലേക്ക് നീങ്ങുകയും ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പോലീസ് ആരോപിച്ചു. പോലീസിന് നേരെ കല്ലും ചെരുപ്പും ബാഗുകളും എറിഞ്ഞതായും കുരുമുളക് സ്‌പ്രേ പ്രയോഗിച്ചതായും പോലീസ് പറഞ്ഞു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സംഘര്‍ഷം രൂക്ഷമായതോടെ ജന്തര്‍ മന്തറിലെ സമരപ്പന്തല്‍ പോലീസ് പൊളിച്ചുനീക്കി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ജന്‍പഥ്, രാജീവ് ചൗക്ക്, പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, സേവാതീര്‍ഥ് തുടങ്ങിയ മേഖലകളില്‍ ഗതാഗത നിയന്ത്രണവും മെട്രോ സ്റ്റേഷനുകളില്‍ സുരക്ഷയും ശക്തമാക്കി.

അക്രമ സംഭവങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന, സാമ്പത്തിക സഹായം, വിവിധ സംഘടനകളുടെ പങ്ക് എന്നിവയുള്‍പ്പെടെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ഇതുവരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും അന്വേഷണഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികളെന്നും അധികൃതര്‍ വ്യക്തമാക്കി.

Share