തിരുവനന്തപുരം: വേളാങ്കണ്ണി ആരോഗ്യ മാതാ ദേവാലയത്തിലെ വാർഷിക തിരുനാളിനോടനുബന്ധിച്ച് തീർഥാടകർക്കായി എറണാകുളം ജംഗ്ഷനിൽ നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചും പ്രത്യേക പ്രതിവാര ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി മൂന്ന് സർവീസുകളാണ് നടത്തുക.
06061 എറണാകുളം ജംഗ്ഷൻ–വേളാങ്കണ്ണി സ്പെഷ്യൽ ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിലെ വ്യാഴാഴ്ചകളിൽ ഉച്ചയ്‌ക്ക് 1.00ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 5.50ന് വേളാങ്കണ്ണിയിലെത്തും.
മടക്കയാത്രയ്‌ക്കുള്ള 06062 വേളാങ്കണ്ണി–എറണാകുളം ജംഗ്ഷൻ സ്പെഷ്യൽ ഓഗസ്റ്റ് 28, സെപ്റ്റംബർ 4, 11 തീയതികളിലെ വെള്ളിയാഴ്ചകളിൽ വൈകിട്ട് 6.40ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.50ന് എറണാകുളം ജംഗ്ഷനിലെത്തും.
കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, പുനലൂർ, ചെങ്കോട്ട, തെങ്കാശി, രാജപാളയം, ശ്രീവില്ലിപുത്തൂർ, ശിവകാശി, വിരുതുനഗർ, മാനാമധുര, ശിവഗംഗ, കാരൈക്കുടി, പുതുക്കോട്ടൈ, തിരുവാരൂർ, നാഗപട്ടണം എന്നിവ ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിൽ ട്രെയിന് സ്റ്റോപ്പുണ്ടാകും.
ഒരു സെക്കൻഡ് എസി, രണ്ട് തേർഡ് എസി, 13 സ്ലീപ്പർ കോച്ചുകൾ, ഭിന്നശേഷിക്കാർക്ക് സൗഹൃദപരമായ രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകൾ ഉൾപ്പെടെ ആകെ 18 കോച്ചുകളാണ് ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്.
വേളാങ്കണ്ണി തിരുനാളിൽ പങ്കെടുക്കാൻ പദ്ധതിയിടുന്ന തീർഥാടകർ തിരക്ക് കണക്കിലെടുത്ത് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ദക്ഷിണ റെയിൽവേ അഭ്യർഥിച്ചു.