ന്യൂഡല്‍ഹി: പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) വികസിപ്പിച്ച ദീര്‍ഘദൂര ഉപരിതല-ആകാശ മിസൈല്‍ സംവിധാനമായ ‘കുശ’യുടെ ആദ്യ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഒഡീഷ തീരത്തെ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ദ്വീപില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. അതിവേഗത്തിലും ഉയര്‍ന്ന ഉയരത്തിലും സഞ്ചരിക്കുന്ന വ്യോമഭീഷണിയെ അനുകരിച്ച ഇലക്ട്രോണിക് ലക്ഷ്യത്തിനെതിരെയായിരുന്നു പരീക്ഷണം. ലക്ഷ്യം കൃത്യമായി തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍, ആളില്ലാ വ്യോമവാഹനങ്ങള്‍ (യുഎവി), വലിയ ശത്രുവിമാനങ്ങള്‍ തുടങ്ങി വിവിധ തരത്തിലുള്ള വ്യോമഭീഷണികളെ ദീര്‍ഘദൂരത്തിലും വിവിധ ഉയരങ്ങളിലും ഫലപ്രദമായി പ്രതിരോധിക്കാന്‍ ‘കുശ’ മിസൈല്‍ സംവിധാനത്തിന് കഴിവുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. വിജയകരമായ പരീക്ഷണത്തിന് പിന്നാലെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഡിആര്‍ഡിഒയെയും പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ശാസ്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ രംഗത്തെ സുപ്രധാന നേട്ടമാണ് ഇതെന്ന് അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
ദീര്‍ഘദൂര ഉപരിതല-ആകാശ മിസൈല്‍ സംവിധാനം വികസിപ്പിക്കാനുള്ള സാങ്കേതികവിദ്യ ലോകത്ത് ചുരുക്കം ചില രാജ്യങ്ങള്‍ക്കു മാത്രമാണുള്ളതെന്നും, ‘കുശ’യുടെ വിജയത്തോടെ പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയുകയും രാജ്യത്തിന്റെ വ്യോമപ്രതിരോധ ശേഷി ഗണ്യമായി ശക്തിപ്പെടുകയും ചെയ്യുമെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി.















