യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: യുവാക്കളുടെ പിന്തുണയ്‌ക്കും പ്രതികരണത്തിനും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ വിശദീകരിച്ച് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്ക് ലഭിച്ച വന്‍ ജനപിന്തുണയ്‌ക്കാണ് പ്രധാനമന്ത്രി നന്ദി അറിയിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് പുതിയ വീഡിയോ പങ്കുവെച്ചത്. ‘കഴിഞ്ഞ രാത്രി നിങ്ങളെ നേരില്‍ കാണാന്‍ അവസരം ലഭിച്ചു. ഇന്നലെ ഞാന്‍ പങ്കുവെച്ച വീഡിയോയ്‌ക്ക് നല്‍കിയ പ്രതികരണങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി,’ എന്നാണ് മോദി വീഡിയോയില്‍ പറയുന്നത്. പതിവുപോലെ ‘ഫ്രണ്ട്‌സ്…’ എന്ന അഭിസംബോധനയോടെയാണ് വീഡിയോ ആരംഭിച്ചത്.

വീഡിയോയുടെ അവസാനത്തില്‍ ‘എന്നോടുള്ള നിങ്ങളുടെ സ്‌നേഹം തുടരും… ഞങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും… നന്ദി സുഹൃത്തുക്കളേ,’ എന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാരും എംപിമാരും ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ സജീവമാകണമെന്നും യുവാക്കളുമായി നേരിട്ട് സംവദിക്കണമെന്നും പ്രധാനമന്ത്രി അടുത്തിടെ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ വീഡിയോ എത്തിയത്. ഇതുവരെ പ്രധാനമായും എക്സ് (മുന്‍ ട്വിറ്റര്‍) വഴിയാണ് അദ്ദേഹം സന്ദേശങ്ങള്‍ പങ്കുവെച്ചിരുന്നത്.

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രിസഭാ യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഫാസ്റ്റ് ട്രാക്ക് കോടതികള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ വിദ്യാര്‍ഥികളോട് നേരിട്ട് സംസാരിച്ചത്.

കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ പങ്കുവെച്ച വീഡിയോയ്‌ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഒറ്റരാത്രികൊണ്ട് പ്രധാനമന്ത്രിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 10 ലക്ഷത്തിലധികം പുതിയ ഫോളോവേഴ്‌സ് എത്തിയതോടെ ആകെ പിന്തുടരുന്നവരുടെ എണ്ണം 10.20 കോടിയും പിന്നിട്ടു. ഈ ജനപ്രീതി ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാരും എംപിമാരും വികസന പദ്ധതികള്‍ക്കൊപ്പം റീലുകളും ലൈവ് സംവാദങ്ങളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് പുതിയ തലമുറയുമായി കൂടുതല്‍ ഇടപഴകണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചതും.

Share