റാക്കറ്റ് മാറ്റിവെച്ച് ഫുട്‌ബോള്‍ ബൂട്ട്; ഡൊമിനിക് തീം ഇനി ഓസ്ട്രിയന്‍ ക്ലബ്ബിനായി കളിക്കും

Published by
ജനം വെബ്‌ഡെസ്ക്

വിയന്ന: യുഎസ് ഓപ്പണ്‍ മുന്‍ ചാമ്പ്യനും മുന്‍ ലോക മൂന്നാം നമ്പര്‍ താരവുമായ ഡൊമിനിക് തീം വീണ്ടും മത്സരരംഗത്തേക്ക് മടങ്ങിയെത്തുന്നു. എന്നാല്‍ ഇത്തവണ ടെന്നീസ് കോര്‍ട്ടിലല്ല, ഫുട്‌ബോള്‍ മൈതാനത്താണ് ഓസ്ട്രിയന്‍ താരം തന്റെ പുതിയ ഇന്നിങ്സ് ആരംഭിക്കുന്നത്. 2024-ല്‍ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിച്ച 32-കാരനായ തീം ഓസ്ട്രിയയിലെ എട്ടാം ഡിവിഷന്‍ ക്ലബ്ബായ ബാഡ്‌നര്‍ എസിയില്‍ രജിസ്റ്റര്‍ ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2020-ല്‍ യുഎസ് ഓപ്പണ്‍ കിരീടം നേടിയതിന് പിന്നാലെ ലോക ടെന്നീസിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി ഉയര്‍ന്ന തീമിന്റെ കരിയര്‍ 2021-ല്‍ സംഭവിച്ച കൈമുട്ട് പരിക്ക് ഗുരുതരമായി ബാധിച്ചിരുന്നു. മാസങ്ങളോളം കോര്‍ട്ടില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹത്തിന് പിന്നീട് പഴയ മികവിലേക്ക് തിരിച്ചെത്താനായില്ല. ഇതോടെയാണ് 2024 സീസണിന്റെ അവസാനത്തില്‍ ടെന്നീസില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്.

2024 യുഎസ് ഓപ്പണിന് ശേഷം വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് പ്രതികരിച്ച തീം, ടെന്നീസ് ഏറെ ഇഷ്ടമായിരുന്നെങ്കിലും സാധാരണ ജീവിതം ആസ്വദിക്കണമെന്ന ആഗ്രഹവും കൈമുട്ട് പരിക്കുമാണ് കരിയര്‍ അവസാനിപ്പിക്കാന്‍ കാരണമായതെന്ന് വ്യക്തമാക്കിയിരുന്നു. വിരമിക്കല്‍ തീരുമാനത്തില്‍ തനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ടെന്നീസില്‍ നിന്ന് വിരമിച്ച ശേഷവും ഫുട്‌ബോളിനോടുള്ള ഇഷ്ടം തീം ഉപേക്ഷിച്ചിരുന്നില്ല. സ്വന്തം നാട്ടിലെ ക്ലബ്ബായ എസ്.സി. ലിച്ചന്‍വര്‍ത്ത് ടീമിനായി പത്ത് മത്സരങ്ങളില്‍ കളിച്ച അദ്ദേഹം ഒരു ഗോളും നേടിയിരുന്നു. തുടര്‍ന്ന് സുഹൃത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബാഡ്‌നര്‍ എസിയില്‍ ചേരാന്‍ തീരുമാനിച്ചത്.

ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനും മുന്‍ ലോക മൂന്നാം നമ്പര്‍ താരവുമാണെങ്കിലും ടീമില്‍ പ്രത്യേക പരിഗണനയൊന്നും ലഭിക്കില്ലെന്ന് ക്ലബ് അധികൃതര്‍ വ്യക്തമാക്കി. മറ്റ് താരങ്ങളെപ്പോലെ തന്നെ ആദ്യ ഇലവനില്‍ ഇടം നേടാന്‍ തീമും മത്സരിക്കേണ്ടിവരുമെന്ന് ക്ലബ്ബ് മാനേജ്‌മെന്റ് അറിയിച്ചു.

2024 ഒക്ടോബര്‍ 22-ന് വിയന്ന ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ ഇറ്റലിയുടെ ലൂസിയാനോ ഡാര്‍ഡെരിയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റ മത്സരത്തോടെയാണ് ഡൊമിനിക് തീം ഔദ്യോഗികമായി ടെന്നീസ് കരിയറിന് വിരാമമിട്ടത്. ഏകദേശം 10,000 ആരാധകര്‍ സാക്ഷിയായ മത്സരശേഷം അദ്ദേഹത്തിന് വികാരനിര്‍ഭരമായ യാത്രയയപ്പാണ് ലഭിച്ചത്.

ഇപ്പോള്‍ ടെന്നീസ് റാക്കറ്റിന് പകരം ഫുട്‌ബോള്‍ ബൂട്ട് അണിഞ്ഞ്, മത്സരവീര്യം നിലനിര്‍ത്താനുള്ള പുതിയ അധ്യായത്തിന് തുടക്കമിടുകയാണ് മുന്‍ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യന്‍.

Share