കൊച്ചി: പൈപ്പിനുള്ളില്‍ തല കുടുങ്ങി ശ്വാസംമുട്ടി ജീവനുവേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞിന് രക്ഷകരായി തൃപ്പൂണിത്തുറ അഗ്നിരക്ഷാസേന. അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അഗ്നിരക്ഷാസേനാംഗങ്ങള്‍ക്ക് അഭിനന്ദന പ്രവാഹമാണ്.
ഏകദേശം രണ്ട് മാസം മാത്രം പ്രായമുള്ള പൂച്ചക്കുഞ്ഞാണ് ചെറിയ പൈപ്പിനുള്ളില്‍ തല കുടുങ്ങി പുറത്തുവരാനാകാതെ കരഞ്ഞത്. തൃപ്പൂണിത്തുറ അഗ്നിരക്ഷാനിലയത്തിന് സമീപം താമസിക്കുന്ന അക്ഷയ് എന്ന യുവാവും സിവില്‍ ഡിഫന്‍സ് അംഗമായ വിനോദ് കുമാറുമാണ് പൂച്ചക്കുഞ്ഞിനെ അഗ്നിരക്ഷാനിലയത്തിലെത്തിച്ചത്.
പൂച്ചക്കുഞ്ഞിന്റെ തല വളരെ ചെറിയ പൈപ്പിനുള്ളില്‍ മുറുകെ കുടുങ്ങിയതിനാല്‍ സാധാരണ രീതിയില്‍ പുറത്തെടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. തുടര്‍ന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ എന്‍.ജി. ദിനകര്‍, സിന്‍മോന്‍, പ്രവീണ്‍ കുമാര്‍ എന്നിവരടങ്ങിയ സംഘം അതീവ ജാഗ്രതയോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
പൂച്ചക്കുഞ്ഞിന് പരിക്കേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചാണ് പൈപ്പ് മുറിച്ച് തല പുറത്തെടുത്തത്. തുടര്‍ന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തിയ പൂച്ചക്കുഞ്ഞിനെ അക്ഷയിക്ക് കൈമാറി. രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ അഗ്നിരക്ഷാസേനാംഗമായ പ്രവീണ്‍ കുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്. ‘പൈപ്പില്‍ തലയിട്ട് ഹീറോ ആകാന്‍ നോക്കിയ പൂച്ചക്കുട്ടി’ എന്ന രീതിയില്‍ രസകരമായ കമന്റുകളും, ജീവന് വിലകല്‍പ്പിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ അഗ്നിരക്ഷാസേനയെ അഭിനന്ദിച്ചുള്ള സന്ദേശങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.