ന്യൂഡല്‍ഹി: പൊതുപരീക്ഷകളില്‍ പേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും തടയുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. പൊതുപരീക്ഷകള്‍ (അന്യായ മാര്‍ഗങ്ങള്‍ തടയല്‍) ഭേദഗതി ബില്‍, 2026 തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും. കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് ആണ് ബില്‍ സഭയില്‍ അവതരിപ്പിക്കുക.
2024-ല്‍ നിലവില്‍ വന്ന Public Examinations (Prevention of Unfair Means) Act കൂടുതല്‍ ഫലപ്രദമാക്കുന്നതിനാണ് പുതിയ ഭേദഗതികള്‍ കൊണ്ടുവരുന്നത്. പൊതുപരീക്ഷകളുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനൊപ്പം, പേപ്പര്‍ ചോര്‍ച്ചയും പരീക്ഷാ ക്രമക്കേടുകളും നടത്തുന്നവര്‍ക്കെതിരെ കൂടുതല്‍ കര്‍ശനമായ നിയമനടപടികള്‍ ഉറപ്പാക്കുക എന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.
ഇതിന് മുന്നോടിയായി വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ പരീക്ഷാ തട്ടിപ്പുകള്‍ക്കും പേപ്പര്‍ ചോര്‍ച്ചയ്‌ക്കുമെതിരെ ഫാസ്റ്റ്-ട്രാക്ക് കോടതികള്‍ രൂപീകരിക്കുന്നതിനും കുറ്റക്കാര്‍ക്ക് കൂടുതല്‍ കര്‍ശനമായ ശിക്ഷ ഉറപ്പാക്കുന്നതിനുമായി ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയിരുന്നു.
പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കാനും വിദ്യാര്‍ഥികളുടെ ഭാവി സംരക്ഷിക്കാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ച്ചയായ നടപടികളുടെ ഭാഗമായാണ് പുതിയ നിയമഭേദഗതി കൊണ്ടുവരുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പുതിയ നിയമം നിലവില്‍ വന്നാല്‍ പൊതുപരീക്ഷകളില്‍ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമപരമായ ശക്തി കൂടുതല്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.















