ഹാങ്ഷു: ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യക്ക് സുവര്‍ണ നേട്ടം സമ്മാനിച്ച് ഇഷ സിങ്. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മിന്നും പ്രകടനം പുറത്തെടുത്ത 21കാരി സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയപ്പോള്‍, രണ്ട് തവണ ഒളിംപിക് മെഡല്‍ ജേതാവായ മനു ഭാക്കര്‍ വെങ്കലം നേടി ഇന്ത്യയുടെ മെഡല്‍ വേട്ടയ്‌ക്ക് ഇരട്ടിമധുരം നല്‍കി.
നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡലാണിത്. ഫൈനലില്‍ 50ല്‍ 40 പോയിന്റ് നേടി ഇഷ എതിരാളികളെ പിന്നിലാക്കുകയായിരുന്നു. ഈ വര്‍ഷം ആദ്യം മ്യൂണിക്കില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ ലോക റെക്കോര്‍ഡ് കുറിച്ച ഇഷ, അതേ ആത്മവിശ്വാസം ഹാങ്ഷുവിലും ആവര്‍ത്തിച്ചാണ് സ്വര്‍ണ നേട്ടത്തിലെത്തിയത്.
ചൈനയുടെ യുവേയുവേ ഷാങ് 37 പോയിന്റുമായി വെള്ളി മെഡല്‍ നേടി. ഉത്തരകൊറിയയുടെ ഹ്യോന്‍ ഗിയോങ് പാക്കിനെ കടുത്ത പോരാട്ടത്തിനൊടുവില്‍ മറികടന്നാണ് മനു ഭാക്കര്‍ വെങ്കലം സ്വന്തമാക്കിയത്. ഷൂട്ട് ഓഫില്‍ 28 പോയിന്റ് നേടിയാണ് താരം മെഡല്‍ ഉറപ്പിച്ചത്.
ഈ വിജയത്തോടെ ഹാങ്ഷു ലോകകപ്പില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം മൂന്നായി. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൈനം വെള്ളി മെഡല്‍ നേടിയിരുന്നു. ഒരു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമായി ഇന്ത്യ നിലവില്‍ മെഡല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ആതിഥേയരായ ചൈനയാണ് ഒന്നാം സ്ഥാനത്ത്.















