കൊച്ചി: ആലുവയിൽ നിന്ന് കാണാതായ 12 വയസുകാരിയെ മഹാരാഷ്‌ട്രയിലെ പൂനെയിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിനെതിരെ പോക്സോ ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തുമെന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശൻ അറിയിച്ചു. കൊല്ലം ഓച്ചിറ സ്വദേശിയായ അഭിജിത്താണ് പിടിയിലായത്.
പെൺകുട്ടിയെ കാണാതായതായി പരാതി ലഭിച്ചതിന് പിന്നാലെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോയതായും എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയുടെയും പെൺകുട്ടിയുടെയും മൊബൈൽ ഫോൺ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വിവിധ ട്രെയിനുകൾ മാറിമാറി സഞ്ചരിച്ചാണ് ഇരുവരും പൂനെ റെയിൽവേ സ്റ്റേഷനിലെത്തിയത്. അവിടെവച്ചാണ് കേരള പൊലീസ് ഇരുവരെയും കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിലായ അഭിജിത് കഴിഞ്ഞ ആറുമാസമായി ചെറായി ബീച്ചിൽ ഐസ്ക്രീം കച്ചവടം നടത്തിയിരുന്നയാളാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, പോക്സോ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ മെഡിക്കൽ പരിശോധനയും മറ്റ് ശാസ്ത്രീയ പരിശോധനകളുടെയും റിപ്പോർട്ടുകൾ ലഭിച്ച ശേഷം കൂടുതൽ വകുപ്പുകൾ കൂടി ചുമത്തുന്ന കാര്യം തീരുമാനിക്കുമെന്നും എസ്.പി വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് നാടിനെ ആശങ്കയിലാഴ്‌ത്തിയ സംഭവം നടന്നത്. കൂട്ടുകാരിയുടെ വീട്ടിൽ പോയി പുസ്തകം വാങ്ങിവരാമെന്ന് പറഞ്ഞാണ് 12-കാരി കരുമാലൂരിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്. വീട്ടിൽ ധരിച്ചിരുന്ന വസ്ത്രത്തിൽ തന്നെയായിരുന്നു കുട്ടി പോയത്. ഒപ്പം അമ്മയുടെ മൊബൈൽ ഫോണും കൈയിൽ കരുതിയിരുന്നു.
എന്നാൽ വീട്ടിൽ നിന്ന് ഇറങ്ങി നിമിഷങ്ങൾക്കകം അമ്മയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയി. ഇതോടെ ബന്ധുക്കൾ നടത്തിയ തെരച്ചിലിൽ കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ കാസർകോടാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും വിവിധ ജില്ലകളിലെയും മറ്റ് സംസ്ഥാനങ്ങളിലെയും പൊലീസ് വിഭാഗങ്ങളുമായി ചേർന്ന് തിരച്ചിൽ നടത്തുകയും ചെയ്തു.
സാങ്കേതിക തെളിവുകളും ഫോൺ ലൊക്കേഷൻ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ മഹാരാഷ്‌ട്രയിലെ പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്.















