കാണാതായ ട്രാവൽ വ്ലോഗറെ കണ്ടെത്തി; മുഹമ്മദ് ദിൽഷാദ് ആശുപത്രിയിൽ ചികിത്സയിലെന്ന് സുഹൃത്ത്

Published by
ജനം വെബ്‌ഡെസ്ക്

മലപ്പുറം: മലയാളി ട്രാവൽ വ്ലോഗറും ‘യാത്ര ടുഡേ’ യൂട്യൂബ് ചാനലിന്റെ ഉടമയുമായ മുഹമ്മദ് ദിൽഷാദിനെ (31) കണ്ടെത്തി. മേഘാലയയിൽ യാത്രയ്‌ക്കിടെ ബൈക്ക് അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് ദിവസങ്ങളോളം അദ്ദേഹവുമായി ബന്ധപ്പെടാൻ കഴിയാതിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

ദിൽഷാദിനെ മേഘാലയയിലെ പൈനൂർ സല മേഖലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ (പി.എച്ച്.സി) പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ അദ്ദേഹം സുരക്ഷിതനാണെന്നും ആവശ്യമായ ചികിത്സയും പരിചരണവും ലഭിക്കുന്നുണ്ടെന്നും സുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഷിഹാബ് ചോറ്റൂർ ഫേസ്ബുക്കിലൂടെ അറിയിച്ചു.

മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് സ്വദേശിയായ ദിൽഷാദ് ജൂലൈ ആറിനാണ് യാത്രയ്‌ക്കായി വീട്ടിൽ നിന്ന് പുറപ്പെട്ടത്. ജൂലൈ 22 വരെ കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് അഞ്ച് ദിവസത്തോളം യാതൊരു വിവരവും ലഭിച്ചിരുന്നില്ല. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആയതോടെ കുടുംബം തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകി. ബൈക്കിൽ ആഫ്രിക്കൻ രാജ്യങ്ങളിലൂടെ നടത്തിയ സാഹസിക യാത്രകളിലൂടെയാണ് മുഹമ്മദ് ദിൽഷാദ് ശ്രദ്ധേയനായത്. ദിൽഷാദിന്റെ ചാനലിന് ഒൻപത് ലക്ഷത്തോളം ഫോളോവേഴ്സുണ്ട്.

 

Share