ബാഴ്സലോണ: സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയിലെ ലോണ്‍ കാലാവധി അവസാനിച്ചതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങാന്‍ ഒരുങ്ങി ഇംഗ്ലീഷ് സൂപ്പര്‍താരം മാര്‍ക്കസ് റാഷ്ഫോര്‍ഡ്. ബാഴ്സ ജഴ്സിയില്‍ ചെലവഴിച്ച സീസണിലെ ഓര്‍മ്മകള്‍ക്ക് നന്ദി അറിയിച്ചാണ് താരം ക്ലബ്ബിനോട് യാത്രപറഞ്ഞത്. 2025-26 സീസണിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ റാഷ്ഫോര്‍ഡ് ബാഴ്സലോണയിലെത്തിയത്. സ്പാനിഷ് ക്ലബ്ബിനായി 49 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം 14 ഗോളുകളും 14 അസിസ്റ്റുകളും സ്വന്തമാക്കി ശ്രദ്ധേയ പ്രകടനം നടത്തി. ബാഴ്സയുടെ ലാ ലിഗ കിരീട നേട്ടത്തിലും റാഷ്ഫോര്‍ഡിന്റെ സംഭാവന നിര്‍ണായകമായിരുന്നു.
സീസണ്‍ അവസാനിച്ചപ്പോള്‍ റാഷ്ഫോര്‍ഡിനെ സ്ഥിരം കരാറില്‍ സ്വന്തമാക്കാന്‍ ബാഴ്സലോണ ശ്രമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ന്യൂകാസില്‍ യുണൈറ്റഡില്‍ നിന്ന് ആന്തണി ഗോര്‍ഡനെ ടീമിലെത്തിക്കാന്‍ ക്ലബ്ബ് തീരുമാനിച്ചതോടെ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ബാഴ്സ ആരാധകരോട് വികാരനിര്‍ഭരമായ കുറിപ്പും റാഷ്ഫോര്‍ഡ് പങ്കുവെച്ചു. ക്ലബ്ബില്‍ ചെലവഴിച്ച ഓരോ നിമിഷവും താന്‍ ആസ്വദിച്ചെന്നും ജീവിതകാലം മുഴുവന്‍ ഓര്‍ക്കുന്ന മനോഹരമായ ഓര്‍മ്മകളുമായാണ് മടങ്ങുന്നതെന്നും താരം പറഞ്ഞു.
റാഷ്ഫോര്‍ഡിന്റെ കുറിപ്പിന് ബാഴ്സലോണയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടും മറുപടി നല്‍കി. ‘നന്ദി റാഷി… നീ എപ്പോഴും ഞങ്ങളില്‍ ഒരാളായിരിക്കും’ എന്നായിരുന്നു ക്ലബ്ബിന്റെ പ്രതികരണം. അതേസമയം, നിലവില്‍ മൈക്കല്‍ കാരിക്കിന്റെ പരിശീലനത്തിലുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റാഷ്ഫോര്‍ഡ് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുണൈറ്റഡുമായി രണ്ട് വര്‍ഷത്തെ കരാര്‍ കൂടി ബാക്കിയുള്ള താരം 2024 ഡിസംബറിനുശേഷം ക്ലബ്ബിനായി കളിച്ചിട്ടില്ല. തുടര്‍ന്ന് ആസ്റ്റണ്‍ വില്ലയിലും പിന്നീട് ബാഴ്സലോണയിലും ലോണ്‍ അടിസ്ഥാനത്തില്‍ കളിച്ച ശേഷമാണ് അദ്ദേഹം വീണ്ടും ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് മടങ്ങുന്നത്.















